ജി20 ഇനി ജി21, ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്സ്

ആഫ്രിക്കൻ യൂണിയൻ ജി20 കൂട്ടായ്മയിൽ സ്ഥിരാംഗമായതിന് പിന്നാലെയാണ് ജി 21 ആയത്

Update: 2023-09-09 16:42 GMT
Advertising

ജി20 ഇനി ജി21

ആഫ്രിക്കൻ യൂണിയൻ ജി20 ഉച്ചക്കോടിയിൽ സ്ഥിരാംഗമായതിന് പിന്നാലെ ജി20 ഇനി ജി21 ആകും. 1999ൽ ജി20 കൂട്ടായ്മ സ്ഥാപിച്ചതിന് പിന്നാലെ ഇതാദ്യമായാണ് ഒരു സ്ഥിരാംഗം കൂടി കൂട്ടായ്മയിൽ ചേരുന്നത്. ജി20 കൂട്ടായ്മയിൽ 19 രാജ്യങ്ങളും യുറോപ്യൻ യൂണിയനുമാണ് അംഗങ്ങൾ. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യുറോപ്യൻ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ആഫ്രിക്കൻ യൂണിയനെ അംഗമാക്കണമെന്ന് ജൂണിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവശ്യപ്പെട്ടിരുന്നു. ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റ് കൊമോറോസ് അസാലി അസൗമണിയാണ് ഉച്ചക്കോടിയിൽ ആഫ്രിക്കൻ യുണിയനെ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു

ജി 20 ഉച്ചകോടിയിൽ ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മോദി വ്യക്തമാക്കി. സാമ്പത്തിക ഇടനാഴി അടുത്ത തലമുറക്കായി അടിത്തറ പാകുമെന്നും മോദി പറഞ്ഞു. പുതിയ അവസരങ്ങൾക്ക് വഴി തുറക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ഇടനാഴിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ജർമ്മൻ ചാൻസലർ പിന്തുണ അറിയിച്ചു. സാമ്പത്തിക ഇടനാഴിയിലെ നിക്ഷേപത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഫ്രാൻസ് വ്യക്തമാക്കി.

ഇന്ന് രാവിലെയോടെയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കമായത്. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്തു. 55 രാജ്യങ്ങൾ ചേർന്ന ആഫ്രിക്കൻ യൂണിയന് ജി20യിൽ അംഗത്വം നൽകുകയും ചെയ്തു.

അക്ഷയ് കുമാറിന് പിറന്നാൾ സമ്മാനവുമായി 'വെൽക്കം ടു ദി ജംഗിൾ' ടീം

അക്ഷയ് കുമാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ പ്രൊമോ പുറത്തിറക്കിയിരിക്കുകയാണ് 'വെൽക്കം ടു ദി ജംഗിൾ' ടീം. അഹ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ് കുമാർ കേന്ദ്രം കഥാപാത്രമായെത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, സുനിൽ ഷെട്ടി, അർഷദ് വാർസി, ദിഷ പട്ടാണി, റവീണ ടൺഡൺ എന്നിവരാണ് പ്രധാന കഥാപാത്രമായെത്തുന്നത്. പ്രൊമോയിൽ കഥാപാത്രങ്ങൾ മിലിട്ടറി യൂണിഫോമിൽ മുന്ന് വരികളിലായി തോക്കുകൾ പിടിച്ചു നിൽക്കുന്നത് കാണാം. ജ്യോതി ദേശ്പാണ്ടെ, ഫിറോസ് എ നാദിയദ്‌വാല എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2024 ഡിസംബർ 20 ന് റിലീസാകും.

റെക്കോഡുകളുടെ വാർണർ

ഓസ്‌ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണർ ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി 6,000 റൺസ് നേടിയിരിക്കുകയാണ്. ഓവൽ സ്‌റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലാണ് വാർണർ ഈ നേട്ടം സ്വന്തമാക്കിയത്. ഓപ്പണറായി ഏകദിനത്തിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയൻ ബാറ്ററാണ് ഡേവിഡ് വാർണർ. ആദ്യം ഈ നേട്ടം കരസ്ഥമാക്കിയ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റാണ്. അതേസമയം 46 അന്താരാഷ്ട്ര സെഞ്ചുറി നേടിയെന്ന നോട്ടവും വാർണർ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനെ പിന്തള്ളിയാണ് വാർണർ ഈ നേട്ടം കരസ്ഥമാക്കിക്കിയത്. ഓപ്പണറായി കളിച്ചു കൊണ്ട് സച്ചിൻ 45 സെഞ്ചുറിയാണ് നേടിയത്. ഏതായാലും ഡേവിഡ് വാർണർ ട്വിറ്ററിൽ ട്രെൻഡിംഗിലാണ്.

മോദിജി അരിഹയെ രക്ഷിക്കൂ..

ജർമനിയിലെ പരിപാലന കേന്ദ്രത്തിൽ അകപ്പെട്ട അരിഹ ഷാ എന്ന കൂട്ടിയെ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാർ പലയിടങ്ങളിൽ സമരം നടത്തുകയാണ്. ഓഗസ്റ്റ് അവസാനത്തോടെയാണ് ഇവർ സമരവുമായി രംഗത്തുവന്നത്. 2021 സെപ്റ്റംബറിലാണ് അരിഹ ഷാ എന്ന കുഞ്ഞിന് അബദ്ധത്തിൽ മുത്തശി കാരണമായി പരിക്കേൽക്കുന്നത്. ഇതിനെ തുടർന്ന് ജർമൻ അധികൃതർ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും പരിപാലനകേന്ദ്രത്തിലാക്കുകയുമായിരുന്നു. വിവിധയാളുകൾ പലരീതിയിൽ ഈ വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ടെങ്കിലും ഇതു വരെ ഇതിലൊരു തീരുമാനമുണ്ടായിട്ടില്ല. ജി20 നടക്കുന്ന ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ എന്തെങ്കിലും നടപടിയെടുക്കമമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. മോദിജി ജർമനിയോട് അരിഹയെ ഇന്ത്യയിലേക്കയക്കാൻ പറയു എന്നാണ് സമരക്കാർ പ്രധാനമായും ഉന്നയിക്കുന്ന മുദ്രവാക്യം.

മഹാരാജയുമായി വിജയ് സേതുപതി

വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമായ മഹാരാജയുടെ ഫസ്്റ്റ് ലുക്ക പോസ്റ്റർ നാളെ റിലീസാകും. നിതിലൻ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകൻ. കുരങ്ങു ബൊമ്മൈ എന്ന് ചിത്രത്തിലുടെ ശ്രദ്ധേയനായ നിതിലനുമായി വിജയ് സേതുപതി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുധൻ സുന്ദരത്തിന്റെ പാഷൻ സ്റ്റുഡിയോസും ജഗദീഷ് പളനിസാമിയുടെ ദി റുട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അനുരാഗ് കശപ്പ്, മമത് മോഹൻദാസ് എന്നിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഷാരൂഖ് ഗാഥ തുടരുന്നു

ഷാരൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി അറ്റലി ഒരുക്കിയ ജവാൻ രണ്ടാം ദിനവും മികച്ച കളക്ഷനാണ് നേടിയത്. ആദ്യ ദിനം 129.6 കോടി രാജ്യാന്തര തലത്തിൽ നേടിയതായി നിർമാതാക്കളായ റെഡ് ചില്ലീസ് പുറത്തു വിടുകയായിരുന്നു. ഇന്ത്യയിൽ മാത്രം 75 കോടിയാണ് ചിത്രം ആദ്യ ദിനത്തിൽ നേടിയത്. രണ്ടാം ദിനം 110 കോടിയാണ് ചിത്രം നേടിയത്. എന്നാൽ ആദ്യദിനത്തേക്കാൾ 30 ശതമാനത്തോളം കുറവാണിത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News