'ചിലർ എ.ആർ റഹ്മാനെ കുറ്റപ്പെടുത്താൻ കാരണം തേടി നടക്കുന്നു'; സംഗീതനിശാ വിവാദത്തിൽ ഉദയനിധി സ്റ്റാലിൻ

സെപ്റ്റംബർ 10ന് ചെന്നൈയിൽ നടന്ന സംഗീതപരിപാടിയിൽ വൻ തുക മുടക്കി ടിക്കറ്റെടുത്തിട്ടും നിരവധിപേർക്ക് പരിപാടി കാണാൻ അവസരം ലഭിച്ചില്ലെന്ന് പരാതിയുയർന്നിരുന്നു.

Update: 2023-09-13 10:34 GMT
Advertising

ചെന്നൈ: 'മറക്കുമാ നെഞ്ചം' സംഗീതപരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സംഗീതസംവിധായകൻ എ.ആർ റഹ്മാന് പിന്തുണയുമായി ഉദയനിധി സ്റ്റാലിൻ. ചിലയാളുകൾ റഹ്മാനെ കുറ്റപ്പെടുത്താൻ കാരണങ്ങൾ തേടി നടക്കുകയാണെന്ന് ഉദയനിധി പറഞ്ഞു. സംഗീതനിശയിലെ അനിഷ്ടസംഭവങ്ങൾ സർക്കാർ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദയനിധി പറഞ്ഞു.

സെപ്റ്റംബർ 10ന് ചെന്നൈയിൽ നടന്ന പരിപാടിയിൽ വൻ തുക മുടക്കി ടിക്കറ്റെടുത്ത നിരവധിപേർക്ക് പരിപാടി നടക്കുന്ന ഹാളിലേക്ക് കടക്കാൻ പോലും കഴിഞ്ഞില്ലെന്ന് ആരോപണമുയർന്നിരുന്നു. ടിക്കറ്റ് എടുത്തവർ എത്തുന്നതിന് മുമ്പ് അവരുടെ സീറ്റുകൾ മറ്റു ചിലർ കയ്യേറിയെന്നാണ് ആക്ഷേപം. ഇത് സംഘാടകരുടെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തിയിരുന്നു.

പരിപാടിക്കെത്തിയവർക്ക് ബുദ്ധിമുട്ടുണ്ടായതിൽ എ.ആർ റഹ്മാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ടിക്കറ്റ് എടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് പണം തിരികെ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ''സംഗീതസംവിധായകൻ എന്ന നിലയിൽ എന്റെ ജോലി ഷോ ഗംഭീരമായി ചെയ്യുക എന്നത് മാത്രമായിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ മഴ പെയ്യരുത് എന്നതുമാത്രമായിരുന്നു എന്റെ ചിന്തയും ആഗ്രഹവും. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞില്ല. ഉള്ളിൽ സന്തോഷിച്ച് വേദിയിൽ പ്രകടനം നടത്തുകയായിരുന്നു ഞാൻ. നല്ല ഉദ്ദേശ്യത്തോടെയാണ് എല്ലാം ചെയ്തത്. പക്ഷേ, ആളുകളുടെ പ്രതികരണം എല്ലാവരുടെയും പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് മനസിലായി''-എ.ആർ റഹ്മാൻ പറഞ്ഞു.



പരിപാടിയിലെ തിക്കിനും തിരക്കിനുമിടെ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചിരുന്നു. ''സംഗീതസംവിധായകൻ എ.ആർ റഹ്മാൻ മിനിയാന്ന് ചെന്നൈയിൽ ഒരു സംഗീതനിശ സംഘടിപ്പിച്ചിരുന്നു. സംഘാടനത്തിലെ പിഴവ് മൂലം പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടായത്. ആൾക്കൂട്ടത്തിൽ സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമമുണ്ടായി എന്നത് ഞെട്ടിക്കുന്നതാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സംഘാടകർക്കെതിരെ ഡി.എം.കെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത്?''-അണ്ണാമലൈ ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News