യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് സീറ്റ് അനുവദിച്ചത് കേന്ദ്രസർക്കാർ തടഞ്ഞു
ഇന്ത്യയിൽ നിലവിലുള്ള മെഡിക്കൽ ചട്ടപ്രകാരം വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് ഇവിടെ തുടർപഠനം സാധ്യമല്ല.
ന്യൂഡൽഹി: യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർഥികൾക്ക് സീറ്റ് അനുവദിച്ചത് കേന്ദ്രസർക്കാർ തടഞ്ഞു. മെഡിക്കൽ വിദ്യാർഥികൾക്ക് തുടർപഠനത്തിന് സീറ്റ് അനുവദിച്ച ബംഗാൾ സർക്കാറിന്റെ നീക്കമാണ് കേന്ദ്രം തടഞ്ഞത്. നിലവിലെ ചട്ടം അനുസരിച്ച് സീറ്റ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇന്ത്യയിൽ നിലവിലുള്ള മെഡിക്കൽ ചട്ടപ്രകാരം വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വിദ്യാർഥികൾക്ക് ഇവിടെ തുടർപഠനം സാധ്യമല്ല. അതേസമയം ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച സുപ്രിംകോടതി വിഷയത്തിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ മെഡിക്കൽ കൗൺസിലിനോട് നിർദേശിച്ചിരുന്നു.
ഏകദേശം 18,000 വിദ്യാർഥികളാണ് യുക്രൈനിൽനിന്ന് തിരിച്ചെത്തിയത്. ഇവരുടെ തുടർപഠനത്തിന് എങ്ങനെ അവസരമൊരുക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മെഡിക്കൽ കൗൺസിലും കേന്ദ്ര ആരോഗ്യ മന്ത്രാലയവും യോഗം ചേർന്നതിന് ശേഷം മാത്രമേ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ.