യുക്രൈൻ പ്രതിസന്ധി; ഇന്ത്യൻ സംഘം യുക്രൈൻ അതിർത്തിയിലേക്കെന്ന് വിദേശകാര്യ സെക്രട്ടറി
റഷ്യയിലെ ബെൽഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്
യുക്രൈനിൽ റഷ്യൻ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സംഘം രക്ഷാദൗത്യത്തിനായി യുക്രൈൻ അതിർത്തിയിലേക്ക് പോകുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ. മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് കൂടുതൽ കരുത്തുപകരുന്ന സമീപനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. യുക്രൈനിൽ കുടുങ്ങിയവരെ റഷ്യൻ അതിർത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖർകീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നുണ്ട്.
അതേസമയം 12000 ഇന്ത്യക്കാർ യുക്രൈൻ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ വ്യക്തമാക്കി. വ്യോമസേനയുടെ സി 17 വിമാനങ്ങൾ നാളെ റൊമേനിയയിലേക്ക് തിരിക്കുമെന്നാണ് വിവരം. റഷ്യയിലെ ബെൽഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. ബെൽഗറോഡ് അതിർത്തി വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള അനുമതി റഷ്യ നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.