യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതം; രണ്ടാമത്തെ വിമാനം ഇന്ന് പുറപ്പെടും

യുക്രൈനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കുന്നത്

Update: 2022-02-24 00:44 GMT
Advertising

യുദ്ധഭീതിക്കിടെ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഊർജിതമായി തുടരുന്നു. പൗരന്മാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ 7:30ന് ഡൽഹിയിൽ നിന്ന് പുറപ്പെടും. രാത്രി 10:30ന് വിമാനം യാത്രക്കാരുമായി തിരികെ എത്തും. 

കഴിഞ്ഞ ദിവസം വിദ്യാർത്ഥികളടക്കം 242 പൗരന്മാരുമായാണ് ഇന്ത്യയുടെ വന്ദേഭാരത് വിമാനം തിരികെയെത്തിയത്. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ഉടൻ നാട്ടിലേക്കയക്കും.

അതേസമയം, പൗരന്മാരെ നിർബന്ധമായി ഒഴിപ്പിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. തിരിച്ചുവരാൻ താല്പര്യമുള്ള എല്ലാവരെയും കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മെഡിക്കൽ സർവകലാശാലകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടന്നുവരുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.  തിരികെ വരുന്നതിനുള്ള വിമാന ടിക്കറ്റ് തുക വളരെ കൂടുതലാണെന്നാണ് വിദ്യാർത്ഥികളുടെ പരാതി.  

യുക്രൈനിലെ സ്ഥിതി ഇന്ത്യ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കുന്നത്. അവിടെ തുടരാൻ അത്യാവശ്യമില്ലാത്തവർ മടങ്ങണം. ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ചർച്ച നടത്തും. എംബസിയുടെ പ്രവർത്തനത്തിന് തടസ്സമില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ കത്തിന് കേന്ദ്രമന്ത്രി മറുപടി നല്‍കി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News