യുക്രൈൻ; നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ സമിതി യോഗം ആരംഭിച്ചു
യുക്രൈൻ രക്ഷാദൗത്യം പ്രധാനമന്ത്രി വിലയിരുത്തി
യുക്രൈനിൽ നടക്കുന്ന പുതിയ സംഭവവികാസങ്ങളെ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം. യുക്രൈൻ രക്ഷാദൗത്യം പ്രധാനമന്ത്രി വിലയിരുത്തി.
അതേസമയം യുക്രൈൻ സൈനികനടപടിക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം ഇന്ത്യ അംഗീകരിച്ചില്ല. ബഹുഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ച പ്രമേയത്തെ എന്തുകൊണ്ട് ഇന്ത്യ പിന്തുണച്ചില്ല എന്നതാണ് ഇപ്പോൾ രാജ്യാന്തര രാഷ്ട്രീയ വിദഗ്ധർ ചർച്ച ചെയ്യുന്നത്. വിഷയം ചർച്ച ചെയ്തുമാത്രമേ പരിഹരിക്കാനാകൂവെന്നാണ് വോട്ടെടുപ്പിൽനിന്ന് മാറിനിൽക്കാൻ രാജ്യം നൽകിയ വിശദീകരണമെങ്കിലും കൂടുതൽ രാഷ്ട്രീയമാനങ്ങളുള്ളതാണ് നടപടി. എന്നാൽ യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു.
മനുഷ്യജീവനെടുത്ത് ഒരിക്കലും പരിഹാരം കാണാനാകില്ല. യുക്രൈനിൽ കഴിയുന്ന വലിയ തോതിലുള്ള വിദ്യാർത്ഥികളടങ്ങുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന്റെ കാര്യത്തിലും കടുത്ത ആശങ്കയുണ്ട്. യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ആഗോളക്രമം രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. എല്ലാ അംഗങ്ങളും ഈ തത്വങ്ങളെ മാനിക്കുകയും മുന്നോട്ടുപോക്കിന് സക്രിയമായ മാർഗങ്ങൾ കണ്ടെത്തുകയും വേണം-ടി.എസ് തിരുമൂർത്തി രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു മാർഗം സംവാദവും ചർച്ചകളും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാലും കാര്യങ്ങൾ ഭീതിപ്പെടുത്തുന്ന നിലയിലാണ് ഇപ്പോഴുള്ളത്. പ്രശ്നപരിഹാരത്തിന് നയതന്ത്രമാർഗം ഉപേക്ഷിച്ചത് നിരാശാജനകമാണ്. നയതന്ത്ര ചർച്ചകളിലേക്ക് എല്ലാവരും മടങ്ങണം. ഈ കാരണങ്ങളാലെല്ലാമാണ് പ്രമേയത്തിനുമേലുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും തിരുമൂർത്തി രക്ഷാസമിതിയിൽ വ്യക്തമാക്കി.
അതേസമയം യുക്രൈനിൽ നിന്നും ഇന്ത്യക്കാരെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റൊമാനിയയിലെ ബൊക്കാറെസ്റ്റിൽ നിന്നും ആദ്യ വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 219 യാക്രക്കാരാണ് ഉള്ളത്. വിമാനം ഒമ്പത് മണിക്ക്് മുംബൈലെത്തും.
മൂന്നാം ദിവസവും യുക്രൈനിൽ റഷ്യൻ ആക്രമണം ശക്തമായി തുടരുകയാണ്. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ 50ലേറെ ഉഗ്രസ്ഫോടനങ്ങളും വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ സൈന്യം തിരിച്ചടിക്കുന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കിയവിലുള്ള ബില സെർക്വയിൽ രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രൈൻ സൈന്യം വെടിവച്ചിട്ടതായി വാർത്താ എ.പി റിപ്പോർട്ട് ചെയ്തു. കിയവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പോരാട്ടമാണ് യുക്രൈൻ-റഷ്യൻ സൈന്യങ്ങൾ തമ്മിൽ നടക്കുന്നത്. 3,500 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ അവകാശപ്പെടുന്നു. നിരവധി കവചിതവാഹനങ്ങളും മിസൈലുകളുമെല്ലാം തകർത്തതതായും പറയുന്നുണ്ട്.