റേഷൻ ഷോപ്പിൽ മോദിയുടെ ചിത്രമില്ല; തെലങ്കാനയിൽ കലക്ടറെ നിർത്തിപ്പൊരിച്ച് നിർമല സീതാരാമൻ
തെരുവിലെ രാഷ്ട്രീയ നാടകങ്ങൾ കഠിനാധ്വാനികളായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുക മാത്രമേ ചെയ്യൂവെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു പ്രതികരിച്ചു
ഹൈദരാബാദ്: റേഷൻ ഷോപ്പിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കാത്തതിൽ തെലങ്കാനയിലെ കലക്ടറോട് കയർത്ത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കാമറെഡ്ഡി കലക്ടറായ ജിതേഷ് വി. പാട്ടീലിനെയാണ് ആൾക്കൂട്ടത്തിനു മുന്നിൽ കേന്ദ്രമന്ത്രി നിർത്തിപ്പൊരിച്ചത്. റേഷൻ കടകൾക്കുമുൻപിൽ മോദിയുടെ ചിത്രമില്ലാത്തതും റേഷൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു നിർമല രോഷം പ്രകടിപ്പിച്ചത്.
ബി.ജെ.പിയുടെ പാർലമെന്റ് പ്രവാസ് യോജന പദ്ധതിയുടെ ഭാഗമായി തെലങ്കാനയിലെത്തിയതായിരുന്നു നിർമല സീതാരാമൻ. കഴിഞ്ഞ ദിവസം ബൻസ്‌വാദ നിയമസഭാ മണ്ഡലത്തിലായിരുന്നു പര്യടനം. ഇതിനിടെയാണ് ബിർകൂറിലെ റേഷൻ ഷോപ്പിൽ അവർ പരിശോധന നടത്തിയത്. ഇതിനിടെ, റേഷൻ വിതരണത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതത്തെക്കുറിച്ച് മന്ത്രി കലക്ടറോട് തിരക്കി. എന്നാൽ, കൃത്യമായ മറുപടി നൽകാൻ കലക്ടർക്കായില്ല.
ഇതോടെ അരമണിക്കൂറിനകം മുഴുവൻ വിവരങ്ങളും സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. റേഷൻ കടയിൽ മോദിയുടെ ചിത്രം കാണാതായതോടെ അതേച്ചൊല്ലിയും നിർമല കയർത്തു. തുടർന്ന് ഷോപ്പിൽ മോദിയുടെ ചിത്രം പതിക്കാൻ കലക്ടറോട് ഉത്തരവിടുകയും ചെയ്തു. എന്നിട്ടൊരു മുന്നറിയിപ്പും: ''താങ്കൾ മോദിയുടെ ചിത്രം പതിച്ചില്ലെങ്കിൽ ബി.ജെ.പി പ്രവർത്തകർ അക്കാര്യം നോക്കിക്കൊള്ളും. ഉദ്യോഗസ്ഥർ അതിനു സംരക്ഷണം നൽകുകയും വേണം. ഫോട്ടോ മാറ്റിയാൽ അതിനെതിരെ നടപടിയുമുണ്ടാകും.''
സംഭവത്തിൽ വലിയ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രമന്ത്രിയുടെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു പ്രതികരിച്ചു. തെരുവിലെ ഇത്തരം രാഷ്ട്രീയ നാടകങ്ങൾ കഠിനാധ്വാനികളായ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുക മാത്രമേ ചെയ്യൂവെന്നും കെ.ടി.ആർ ട്വീറ്റ് ചെയ്തു.
Summary: Union FM Sitharaman slams Kamareddy Collector Jitesh V Patil for not having PM's photo at a ration shop in Birkur, Telangana