ഇന്ത്യയുടെ ഭൂമി ചൈനക്ക് കിട്ടിയതിന് ഉത്തരവാദികൾ കോൺഗ്രസ്: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ചൈനീസ് കടന്നുകയറ്റം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് സംബന്ധിച്ച് സർക്കാറും പ്രതിപക്ഷവും തമ്മിൽ തർക്കം മുറുകുകയാണ്.
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ചൈനീസ് അധിനിവേശം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് സംബന്ധിച്ച തർക്കത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കോൺഗ്രസ് രാജ്യസഭാ അധ്യക്ഷനുമായി സഹകരിക്കാൻ തയ്യാറാകുന്നില്ലെന്നും ഇന്ത്യയുടെ ഭൂമി നഷ്ടപ്പെടാൻ കാരണക്കാർ കോൺഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
''സഭ നടത്തിക്കൊണ്ടുപോകാൻ സഹകരിക്കണമെന്ന് ചെയർമാൻ കൂപ്പുകൈകളോടെയാണ് പ്രതിപക്ഷത്തോട് അഭ്യർഥിച്ചത്. പക്ഷേ അവർ നിരസിച്ചു. നമ്മുടെ ഭൂമി ചൈന പിടിച്ചെടുക്കുമ്പോൾ കോൺഗ്രസ് ആയിരുന്നു അധികാരത്തിലിരുന്നത്. ഒരു ചർച്ചക്ക് പോലും തയ്യാറാവാതെ അവർ ചെയർമാന്റെ പദവിയെ അപമാനിക്കുകയായിരുന്നു. അവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ ഞാൻ അവരോട് അഭ്യർഥിക്കുകയാണ്. 60 വർഷമായി രാജ്യം ഭരിച്ച ഏറ്റവും പഴക്കമുള്ള പാർട്ടിയാണ് തങ്ങളെന്നാണ് അവർ അവകാശപ്പെടുന്നത്. അവരുടെ ഈ പെരുമാറ്റം രാജ്യത്തെ ജനങ്ങൾ കാണാതിരിക്കില്ല''-പ്രഹ്ലാദ് ജോഷി പറഞ്ഞു.
ചൈനീസ് കടന്നുകയറ്റം പാർലമെന്റ് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യാതെ സഭ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ചർച്ച വേണ്ട എന്ന ദുശ്ശാഠ്യമാണ് സർക്കാറിനെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും സോണിയാ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യാനാവില്ലെന്ന നിലപാടിലാണ് സർക്കാർ.