‌‌‌പെൺകുട്ടിയുടെ മോർഫിങ് ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിന് അടി ശിക്ഷ നൽകി പഞ്ചായത്ത്; നടപടിയെടുക്കാതെ പൊലീസ്

18കാരിയെ പെണ്ണുകാണാൻ എത്തുന്ന യുവാക്കൾക്കാണ് ഇയാൾ ഇത്തരത്തിൽ കൃത്രിമമായി നിർമിച്ച ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നും അതുമൂലം കല്യാണം മുടങ്ങിയിരുന്നതായും പിതാവ് പറഞ്ഞു.

Update: 2024-09-24 15:53 GMT
Advertising

ലഖ്നൗ: 18കാരിയുടെ മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിന് ചെരുപ്പുകൊണ്ടുള്ള അടിശിക്ഷ നടപ്പാക്കി പഞ്ചായത്ത്. യുവാവിന് അടിശിക്ഷ മതിയെന്നു പഞ്ചായത്ത് തീരുമാനിച്ചതിനാൽ നടപടി സ്വീകരിക്കാൻ പൊലീസ് തയാറായില്ല.

ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. 22‌കാരനായ യുവാവാണ് പെൺകുട്ടിയുടെചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇരുവരും പരസ്പരം പരിചയമുള്ളവരായിരുന്നു. 18കാരിയെ പെണ്ണുകാണാൻ എത്തുന്ന യുവാക്കൾക്കാണ് ഇയാൾ ഇത്തരത്തിൽ കൃത്രിമമായി നിർമിച്ച ചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതെന്നും അതുമൂലം കല്യാണം മുടങ്ങിയിരുന്നതായും പിതാവ് പറഞ്ഞു.

ഇതേക്കുറിച്ച് പെൺകുട്ടി അറിഞ്ഞപ്പോൾ, പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ പഞ്ചായത്ത് ചേരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇതിനായി പഞ്ചായത്ത് ചേരുകയും യുവാവിനെ ശിക്ഷിക്കണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെടുകയും ചെയ്തതായി നവാബ്ഗഞ്ച് ബ്ലോക്ക് മേധാവി പ്രഗ്യ ഗാംഗ്‌വാർ പറഞ്ഞു.

'തുടർന്ന് പെൺകുട്ടിയുടെ അമ്മ പ്രതിയെ ചെരുപ്പ് കൊണ്ട് അടിച്ച ശേഷം അയാൾക്ക് മാപ്പ് നൽകാമെന്നായിരുന്നു പഞ്ചായത്ത് തീരുമാനം. നടപടിയെടുക്കില്ലെന്ന് പൊലീസും സമ്മതിച്ചു'- ഗാംഗ്‌വാർ വിശദമാക്കി.

യുവാവിന്റെ ഭാവി നശിപ്പിക്കേണ്ടെന്ന് കരുതിയാണ് പൊലീസ് നടപടി വേണ്ടെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതെന്നാണ് വാദം. ചെരുപ്പുകൊണ്ട് അടിക്കുന്നത് വരെ താൻ ക്ഷമിക്കില്ലെന്ന് ഇരയായ പെൺകുട്ടി പറഞ്ഞിരുന്നു. പഞ്ചായത്തും യുവാവും ഇതിനു സമ്മതിച്ചതിനെത്തുടർന്ന് അമ്മ അവനെ ചെരുപ്പുകൊണ്ട് അടിച്ചു"- ഗ്രാമമുഖ്യൻ പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് തങ്ങൾക്ക് ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ബറേലി പൊലീസ് സൂപ്രണ്ട് മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു. 'നിലവിൽ, അത്തരമൊരു സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. പക്ഷേ ഞങ്ങൾ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും'- അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News