തെരഞ്ഞെടുപ്പിൽ സീറ്റില്ല; കരഞ്ഞുകലങ്ങിയ കണ്ണുകളുമായി യു.പിയിൽ ബി.ജെ.പി നേതാവ് പാർട്ടി വിട്ടു
പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് വ്യക്തമാക്കി ശർമ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് കത്തയച്ചു. അദ്ദേഹം മായാവതിയുടെ ബി.എസ്.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവായ സതീഷ് കുമാർ ശർമ പാർട്ടി വിട്ടു. ''നിസ്വാർഥരായ പ്രവർത്തകരുടെ ചെലവിൽ കഴിയുന്ന ചില കൊള്ളക്കാരെ മാത്രമാണ് പാർട്ടി പരിഗണിക്കുന്നത്''- കരഞ്ഞുകൊണ്ട് ശർമ പറഞ്ഞു.
''കഴിഞ്ഞ കാലത്തുണ്ടായിരുന്നു ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. നേതൃത്വം പാർട്ടി പ്രത്യയശാസ്ത്രം പിന്തുടരുന്നില്ല. ആത്മാർഥമായി പണിയെടുക്കുന്ന പ്രവർത്തകരെ പാർട്ടി അവഗണിക്കുകയാണ്. ചില കൊള്ളക്കാരാണ് എല്ലാം നേടുന്നത്. ഞാൻ എല്ലാ രീതിയിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പക്ഷെ പാർട്ടി എനിക്ക് സീറ്റ് തന്നില്ല''-ശർമ പറഞ്ഞു.
പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് വ്യക്തമാക്കി ശർമ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദക്ക് കത്തയച്ചു. അദ്ദേഹം മായാവതിയുടെ ബി.എസ്.പിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
മഥുരയിലെ മാന്ത് മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നായിരുന്നു ശർമയുടെ ആവശ്യം. അത് തള്ളിയ ബി.ജെ.പി നേതൃത്വം പാർട്ടി വക്താവായ രാജേഷ് ചൗധരിയെയാണ് ഇവിടെ സ്ഥാനാർഥിയാക്കിയത്. ബി.എസ്.പിയുടെ കുത്തക മണ്ഡലമായ ഇവിടെ കഴിഞ്ഞ എട്ട് തവണയാണ് ശ്യാം സുന്ദർ ശർമയാണ് വിജയിച്ചുകൊണ്ടിരിക്കുന്നത്. 2017ൽ സതീഷ് ശർമയായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാർഥിയായിരുന്നത്. അദ്ദേഹം ശ്യാം സുന്ദറിനോട് 6,000 വോട്ടിന് പരാജയപ്പെടുകയായിരുന്നു.