മോദിയുടെ പഴയ പ്രസംഗമെഴുത്തുകാരൻ, ഗുജറാത്ത് കലാപത്തെ വളച്ചൊടിച്ച് പുസ്തകമെഴുതി; പുതിയ യു.പി.എസ്.സി ചെയര്‍മാന്‍ നിയമനത്തില്‍ വിവാദം

ഐ.എ.എസ് ഉദ്യോഗസ്ഥരോ അക്കാദമിക രംഗത്ത് ഏറെ മികവ് തെളിയിച്ച ആളുകളോ ആണ് സാധാരണ കമ്മീഷൻ തലപ്പത്ത് വരാറുള്ളത്

Update: 2022-04-19 12:29 GMT
Editor : Shaheer | By : Shaheer
Advertising

പുതിയ യു.പി.എസ്.സി ചെയർമാന്റെ നിയമനം രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ യൂനിയന്‍ പ്രചാരക് സംഘ് കമ്മിഷനായി മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള മനോജ് സോണിയാണ് പുതിയ യു.പി.എസ്.സി ചെയർമാനായി നിയമിതനായിരിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥരോ അക്കാദമിക രംഗത്ത് ഏറെ മികവ് തെളിയിച്ച ആളുകളോ ആണ് സാധാരണ കമ്മീഷൻ തലപ്പത്ത് വരാറുള്ളത്. എന്നാൽ, കാര്യമായ അക്കാദമിക മികവ് പറയാനില്ലെന്നു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രസംഗം എഴുത്തുകാരനായതിന്റെയും ഗുജറാത്ത് കലാപത്തെ വളച്ചൊടിച്ച് പുസ്തകം എഴുതിയതിന്റെയും പ്രവർത്തന, പരിചയ സമ്പത്താണ് മനോജ് സോണിക്ക് പറയാനുള്ളതെന്നാണ് വിമര്‍ശങ്ങള്‍ ഉയരുന്നത്.

നരേന്ദ്ര മോദിയുടെ സ്വന്തക്കാരൻ, 'ഛോട്ടാ മോദി'യെന്നും വിളിപ്പേര്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരിൽ ഒരാളായിരുന്നു മനോജ് സോണിയെന്ന് 'ദ വയർ' റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെയാണ് മോദിയുമായി അദ്ദേഹത്തിന് കൂടുതൽ അടുപ്പമുണ്ടാകുന്നത്. ഈ അടുപ്പത്തിൽനിന്ന് മോദിയുടെ സ്വന്തക്കാരനെന്ന നിലയിലേക്ക് ആ ബന്ധം വളർന്നു. ഈ ബന്ധം കാരണം 'ഛോട്ടാ മോദി' എന്നും മനോജ് സോണി മുൻപ് വിളിക്കപ്പെട്ടിരുന്നു.

മോദി മുഖ്യമന്ത്രിയായ സമയത്തുതന്നെ ഗുജറാത്തിലെ പ്രമുഖ സ്റ്റേറ്റ് സർവകലാശാലയായ വഡോദരയിലെ എം.എസ് യൂനിവേഴ്‌സിറ്റി വൈസ് ചാൻസലറായും നിയമിതനായി. ഒരു പൊതുസർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞയാളായി മനോജ് സോണി.

2005 മുതൽ 2008 വരെയാണ് വഡോദര സർവകലാശാലാ വൈസ് ചാൻസലർ സ്ഥാനത്ത് മനോജ് സോണി തുടർന്നത്. ഇക്കാലയളവിൽ സർവകലാശാല എടുത്ത സുപ്രധാന തീരുമാനങ്ങളിലെല്ലാം ആർ.എസ്.എസ്, ബി.ജെ.പി സ്വാധീനമുണ്ടായിരുന്നെന്ന് അന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, ഇതിലേറെ ശ്രദ്ധേയമായ കാര്യം ഈ സമയത്ത് In Search of a Third Space എന്ന പേരിൽ ഒരു പുസ്തകം രചിച്ചിരുന്നു ഇദ്ദേഹം. ഇതിൽ ഹിന്ദുത്വ വ്യാഖ്യാനങ്ങൾക്കൊപ്പിച്ച് 2002ലെ ഗുജറാത്ത് കലാപത്തെ വളച്ചൊടിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്തിട്ടുണ്ട് മനോജ് സോണി.

അതിന്റെ ഉപകാരസ്മരണയെന്നോണം വഡോദര സർവകലാശാലയുടെ വൈസ് ചാൻസലർ കാലാവധി തീർന്നിട്ടും ഗുജറാത്തിലെ അന്നത്തെ മോദി സർക്കാർ അദ്ദേഹത്തെ കൈവിട്ടില്ല. അഹ്‌മദാബാദിലെ ഡോ. ബാലാസാഹേബ് അംബേദ്ക്കർ ഓപൺ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായായിരുന്നു അടുത്ത നിയമനം. 2009 മുതൽ 2015 വരെ ആ സ്ഥാനത്ത് മനോജ് സോണി തുടർന്നു.

പ്ലസ്ടുവിൽ തോറ്റു; പൊളിറ്റിക്കൽ സയൻസിൽ എക്‌സ്‌പെർട്ട്

യു.പി.എസ്.സി തലപ്പത്തിരിക്കാൻ മാത്രം വലിയ അക്കാദമിക മികവ് അവകാശപ്പെടാൻ മനോജ് സോണിക്കില്ലെന്ന് കമ്മീഷൻ തന്നെ പുറത്തുവിട്ട അദ്ദേഹത്തിന്റെ കരിയർ പ്രൊഫൈലിൽനിന്നു വ്യക്തമാണ്. ചെറിയ പ്രായത്തിലേ സ്വാമിനാരായൺ വിഭാഗത്തിന്റെ അനൂപം മിഷനുമായി ചേർന്നായിരുന്നു പ്രവർത്തനം. പ്രാഥമിക വിദ്യാഭ്യാസ കാലഘട്ടം മുതൽ പി.എച്ച്.ഡി വരെ അനൂപം മിഷന്റെ ഇടപെടലുണ്ടായിരുന്നു. പന്ത്രണ്ടാം ക്ലാസ് സയൻസ് പരീക്ഷയിൽ തോറ്റയാളാണ്. പിന്നീട് ബിരുദ പഠനത്തിനായി ഗുജറാത്തിലെ ആനന്ദ് ജില്ലയിലള്ള രാജ്‌രത്‌ന പി.ടി പട്ടേൽ കോളേജിൽ ആർട്‌സ് വിഷയത്തിൽ ചേർന്നു.

പിന്നീട് പൊളിറ്റിക്കൽ സയൻസിൽ കൂടുതൽ താൽപര്യം തോന്നി ആ വഴിക്കു തിരിഞ്ഞു. അങ്ങനെയാണ് വിഷയത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കുന്നത്. ഇന്റർനാഷനൽ റിലേഷൻസിലായിരുന്നു സ്‌പെഷലൈസേഷൻ. അനൂപം മിഷന്റെ സാമ്പത്തിക സഹായത്തോടെയായിരുന്നു പി.എച്ച്.ഡി. Post-Cold War International Systemic Transition and Indo-US Relations എന്ന വിഷയത്തിലായിരുന്നു ഗവേഷണം. 1922നും 1995നും ഇടയിലുള്ള, ശീതയുദ്ധാനന്തര കാലഘട്ടത്തെക്കുറിച്ചുള്ള പഠനങ്ങളിൽ ആദ്യത്തേതെന്നാണ് യു.പി.എസ്.സി അദ്ദേഹത്തിന്റെ ഗവേഷണത്തെ വിശേഷിപ്പിക്കുന്നത്. ഗവേഷണം പിന്നീട് മറ്റൊരു പേരിൽ പുസ്തകമായി പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്.

നിയമനവും വിവാദവും

ആർ.എസ്.എസ്, ബി.ജെ.പി പശ്ചാത്തലത്തിനപ്പുറം വലിയ അക്കാദമിക മികവൊന്നും പറയാനില്ലാത്തൊരാളെ രാജ്യത്തെ പൊതുസർവീസുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാനത്ത് നിയമിക്കുന്നത് കൃത്യമായ രാഷ്ട്രീയ അജണ്ടയ്ക്കു പുറത്താണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വിമർശം. രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമായി നിൽക്കുന്ന കമ്മീഷനെയും വരുതിയിലാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

ഇത്തരമൊരാളെ യു.പി.എസ്.സി ചെയർമാൻ സ്ഥാനത്ത് നിയമിക്കുന്നതിലൂടെ, പൊതുവെ രാഷ്ട്രീയ സ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന കമ്മീഷനിൽ ഇനിമുതൽ നിഷ്പക്ഷമായ നിയമനങ്ങൾ നടക്കില്ലെന്ന വ്യക്തമായ സൂചനയാണ് കേന്ദ്രം നൽകുന്നതെന്ന് ഡൽഹി സർവകലാശാലാ പ്രൊഫസറും എഴുത്തുകാരനുമായ അപൂർവാനന്ദ് ആരോപിക്കുന്നു. ഇനിമുതൽ സർക്കാർ സർവീസുകളിലേക്കുള്ള എല്ലാ നിയമനങ്ങളിലും രാഷ്ട്രീയം വരുമെന്ന് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ പിടിച്ചടക്കാൻ ഐ.എ.എസ്, ഐ.പി.എസുമെല്ലാം പിടിയിലാക്കേണ്ടതുണ്ട്. ഇപ്പോൾ അക്കാര്യം വ്യക്തമായിരിക്കുകയാണെന്നും അപൂർവാനന്ദ് കൂട്ടിച്ചേർക്കുന്നു.

Summary: Controversy over appointment of new Chairman of UPSC, Manoj Soni, who shares close ties with BJP and RSS

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News