സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന്
ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക്
ന്യൂഡല്‍ഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇഷിതാ കിഷോറിനാണ് ഒന്നാം റാങ്ക് . ആറാം റാങ്ക് മലയാളിയായ ഗഹന നവ്യ ജെയിംസിന് ലഭിച്ചു.മലയാളിയായ വി.എം ആര്യക്ക് 36 ാം റാങ്കും ലഭിച്ചു.ആദ്യ നാല് റാങ്കുകളും പെൺകുട്ടികൾക്കാണ് .
ഗരിമ ലോഹ്യക്കാണ് രണ്ടാം റാങ്ക്.മൂന്നാം റാങ്ക് ഉമ ഹാരതിക്കും ലഭിച്ചു. കോട്ടയം പാലാ പുലിയന്നൂർ സ്വദേശിനിയാണ് ഗഹന.മുപ്പത്തി ആറാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശി വി.എം.ആര്യ, മുപ്പത്തി എട്ടാം റാങ്ക് നേടിയഅനൂപ് ദാസ്, അറുപത്തി മൂന്നാം റാങ്ക് നേടിയ എസ്. ഗൗതം രാജ് എന്നിവരാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ.
ഒന്നാം റാങ്കുകാരിയായ ഇഷിതാ കിഷോര്‍ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. ഡൽഹി സർവകലാശാലയിലെ പ്രശസ്തമായ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്നാണ് ബിരുദം നേടിയത്. ഇഷിത കിഷോർ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് മിന്നും വിജയം സ്വന്തമാക്കിയത്. നേരത്തെയുള്ള രണ്ട് ശ്രമത്തിലും പ്രാഥമിക ഘട്ടം പോലും മറികടക്കാൻ ഇഷിതക്ക് സാധിച്ചിരുന്നില്ല.
ഡൽഹി യൂണിവേഴ്‌സിറ്റിയിലെ കിരോരിമൽ കോളേജിൽ നിന്ന് കൊമേഴ്‌സ് ബിരുദധാരിയാണ് രണ്ടാം റാങ്കുകാരിയായ ഗരിമ ലോഹ്യ. മൂന്നാം റാങ്കുകാരിയായ ഉമാ ഹരതി എൻ. ഹൈദരാബാദിലെ ഐഐടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. നരവംശശാസ്ത്രമാണ് ഓപ്ഷണൽ വിഷയമായി തെരഞ്ഞെടുത്തിരുന്നത്.
933 ഉദ്യോഗാർത്ഥികളാണ് സിവിൽ സർവീസ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്. ഇവരിൽ ജനറൽ വിഭാഗത്തിൽ നിന്ന് 345 ഉദ്യോഗാർഥികളും ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് 99 ഉദ്യോഗാർഥികളും ഒബിസി വിഭാഗത്തിൽ നിന്ന് 263 ഉദ്യോഗാർഥികളും എസ്സി വിഭാഗത്തിൽ നിന്ന് 154 ഉദ്യോഗാർഥികളും എസ്ടി വിഭാഗത്തിൽ നിന്ന് 72 ഉദ്യോഗാർഥികളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഐ എ എസിന് 180 ഉം ഐ എഫ് എസിന് 38 ഉം ഐ പി എസിന് 200 ഉം പേരും യോഗ്യത നേടി .2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ നടന്നത് . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടന്നു. ഡിസംബർ 6ന് ഫലം പ്രഖ്യാപിച്ച പരീക്ഷയുടെ അവസാന ഘട്ടം അഭിമുഖങ്ങൾ മേയ് 18നാണ് അവസാനിച്ചത്.