'കുടുംബം പുലര്‍ത്താന്‍ പഠനം നിര്‍ത്തി റിസപ്ഷനിസ്റ്റായി, ആദ്യ ശമ്പളം ലഭിക്കും മുന്‍പേ അവളെ കൊന്നുകളഞ്ഞു'
ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയായ 19കാരിയെ കുറിച്ച് ബന്ധുക്കള്‍
"പ്ലസ് ടു പൂര്‍ത്തിയാക്കിയ പെണ്‍കുട്ടി. കോളജില്‍ പോയി പഠിക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടും അവള്‍ 19ആം വയസ്സില്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ചത് കുടുംബം പുലര്‍ത്താന്‍ വേണ്ടിയായിരുന്നു. അവളുടെ അച്ഛന്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. അമ്മ അംഗന്‍വാടി ജീവനക്കാരിയും. അച്ഛന് ജോലി നഷ്ടമായതോടെയാണ് മകള്‍ ജോലിക്ക് പോവാന്‍ തുടങ്ങിയത്. എന്നിട്ട് ആദ്യ മാസത്തെ ശമ്പളം ലഭിക്കും മുന്‍പ് അവളെ കൊന്നുകളഞ്ഞു"- ഉത്തരാഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയായ 19കാരിയെ കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതാണിത്.
ഉത്തരാഖണ്ഡിലെ ലക്ഷ്മൺ ജുല പ്രദേശത്തെ റിസോർട്ടിൽ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം സമീപത്തെ കനാലിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയും രണ്ട് റിസോര്‍ട്ട് ജീവനക്കാരും അറസ്റ്റിലായി. റിസോർട്ടിലെ ചില അതിഥികൾക്ക് 'പ്രത്യേക സേവനം' നൽകാന്‍ പ്രതികൾ പെണ്‍കുട്ടിയുടെ മേൽ സമ്മർദം ചെലുത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ പറഞ്ഞു. പെണ്‍കുട്ടി നേരത്തെ സുഹൃത്തിന് അയച്ച വാട്സ്ആപ്പ് സന്ദേശത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ചെറുത്തുനിന്നതോടെ പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ച് കനാലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. മരണ കാരണം ശ്വാസനാളത്തിൽ വെള്ളം കയറിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദോഭ് ശ്രീകോട്ട് എന്ന ഗ്രാമത്തിലെ വീട്ടിൽ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള റിസോര്‍ട്ടില്‍ 19കാരി ജോലിയില്‍ പ്രവേശിച്ചത് ആഗസ്ത് 28നാണ്- "റിസോർട്ടിൽ അവൾക്ക് ഒരു മുറി നൽകിയിരുന്നു. അവിടെയായിരുന്നു താമസം. റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ച അവള്‍ക്ക് 10,000 രൂപ മാസശമ്പളമായി നല്‍കുമെന്നാണ് പറഞ്ഞത്. പക്ഷേ അവളുടെ ആദ്യത്തെ ശമ്പളം പോലും ലഭിക്കുന്നതിന് മുമ്പ് അവർ അവളെ കൊല്ലുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു"- ബന്ധു ലീലാവതി പറഞ്ഞു.
"ജോലിയില്‍ പ്രവേശിച്ച് ഏതാനും ആഴ്‌ച കഴിഞ്ഞപ്പോൾ, അവളെ എന്തോ അലട്ടുന്നുണ്ടെന്ന് തോന്നുന്നുവെന്ന് അവളുടെ അമ്മ പറഞ്ഞു. ആ സമയത്ത് ഞങ്ങൾ അതേക്കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നില്ല. ഞങ്ങള്‍ ചിന്തിക്കേണ്ടതായിരുന്നു"- ഋഷികേശില്‍ മോർച്ചറിക്ക് പുറത്ത് അനന്തരവളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നില്‍ക്കവേ ലീലാവതി കണ്ണീരോടെ പറഞ്ഞു.
പുല്‍കിത് ആര്യയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ അച്ഛൻ വിനോദ് ആര്യയെയും സഹോദരൻ അങ്കിത് ആര്യയെയും ബി.ജെ.പി പുറത്താക്കി. ഉത്തരാഖണ്ഡ് ഒബിസി കമ്മീഷൻ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും അങ്കിത് ആര്യയെ നീക്കി. ജനരോഷം ആളിക്കത്തുന്നതിനിടെ പുല്‍കിതിന്‍റെ റിസോര്‍ട്ടിന്‍റെ ഒരു ഭാഗം അനധികൃത നിർമാണമെന്ന് പറഞ്ഞ് ഇന്നലെ പൊളിച്ചുനീക്കി. റിസോര്‍ട്ടിന്‍റെ റിസപ്ഷനും പെണ്‍കുട്ടി താമസിച്ചിരുന്ന മുറിയും മുന്‍വശവുമാണ് പൊളിച്ചുനീക്കിയത്. ഇത് തെളിവ് നശിപ്പിക്കാനാണെന്ന് ആരോപണമുണ്ട്.