തൊഴിലാളികള്‍ കുടുങ്ങിയിട്ട് 17 ദിവസം; ഉത്തരാഖണ്ഡ് തുരങ്ക രക്ഷാദൗത്യം പുരോഗമിക്കുന്നു

തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി തുരങ്കത്തിനുള്ളിൽ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിങ് പുരോഗമിക്കുകയാണ്

Update: 2023-11-28 05:41 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉത്തരകാശി: ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം പതിനേഴാം ദിവസത്തിലും തുടരുന്നു. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി തുരങ്കത്തിനുള്ളിൽ യന്ത്രസഹായം ഇല്ലാതെയുള്ള ഡ്രില്ലിങ് പുരോഗമിക്കുകയാണ്. ഡ്രില്ലിങ് പൂർത്തിയായി ഉടൻ മുഴുവൻ പേരെയും പുറത്ത് എത്തിക്കും.

മൂന്ന് സംഘങ്ങളായി തിരിഞ്ഞു ആറ് പേരാണ് മാന്വൽ ഡ്രില്ലിങ് നടത്തുന്നത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പ്രവർത്തനമാണ് ഇപ്പോഴും തുടരുന്നത്.രക്ഷാപ്രവർത്തകരുടെ ചലനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സെൻസറുകളുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. മാന്വൽ ഡ്രില്ലിങ്ങിലൂടെ തുരങ്കത്തിൽ തകർന്നുവീണ അവശിഷ്ടങ്ങൾ പുറത്തെത്തിക്കും. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഓഗർ മെഷീന്റെ മുറിഞ്ഞുപോയ ബ്ലേഡുകൾ മുഴുവനായും നീക്കം ചെയ്തതായി രക്ഷാദൗത്യസംഘത്തിലെ മൈക്രോ ടണലിങ് വിദഗ്ധൻ ക്രിസ് കൂപ്പർ പറഞ്ഞു. ഏകദേശം ഒമ്പത് മീറ്റർ ഹാൻഡ് ടണലിങ് നടത്തേണ്ടതുണ്ട്.

തുരങ്കത്തിന് മുകളിൽ നിന്നുള്ള ഡ്രില്ലിങ് 40 മീറ്റർ പൂർത്തിയായി. പ്രദേശത്ത് മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയുമുണ്ട്. തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് 17 ദിവസം പിന്നിടുകയാണ്. ആവശ്യമായ എല്ലാ ഭക്ഷണവും കൃതമായി കുഴലിലൂടെ എത്തിച്ചു നൽകുന്നുണ്ട്. കൂടാതെ ബന്ധുകൾക്ക് തൊഴിലാളികളുമായി സംസാരിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News