സഞ്ജയ് സിങ്ങ് എം.പിക്കെതിരെ 23 വർഷം മുൻപുള്ള കേസിൽ അറസ്റ്റിന് ഉത്തരവ്
ആഗസ്റ്റ് 28 ന് മുമ്പായി സഞ്ജയ് സിങ്ങിനെ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിനെ 23 വർഷം മുൻപുള്ള കേസിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശ് കോടതി. ആഗസ്റ്റ് 28 ന് മുമ്പായി സഞ്ജയ് സിങ്ങിനെ ഹാജരാക്കണമെന്ന് പൊലീസിന് കോടതി നിർദേശം നൽകി.
വാദം കേൾക്കലിൽ നിന്നും വർഷങ്ങളായി അദ്ദേഹം ഒഴിഞ്ഞുമാറുന്നതിനു പിന്നാലെയാണ് കോടതിയുടെ നടപടിയെന്ന് പൊലീസ് പറഞ്ഞു. ആഗസ്റ്റ് 13ന് സഞ്ജയ് സിങ്ങിനും സമാജ്‌വാദി പാർട്ടി നേതാവ് അനൂപ് സാൻഡ മറ്റു നാല് പേർ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചൊവ്വാഴ്ചയിലേക്കാണ് ഇതിന്റെ വാദം കേൾക്കൽ വെച്ചിരുന്നതെങ്കിലും ഇവരാരും കോടതിയിൽ ഹാജരായില്ല. പിന്നാലെയാണ് കോടതിയുടെ നീക്കം.
ഡൽഹി മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റ് ചെയ്യുകയും അദ്ദേഹം ആറ് മാസങ്ങൾക്ക് ശേഷം മോചിതനാവുകയും ചെയ്തിരുന്നു.