'അനുമതിയില്ലാതെ ഗുജറാത്തിൽ നിന്ന് പുറത്തുകടക്കരുത്'; ജാമ്യം ലഭിച്ച ജിഗ്‌നേഷ് മേവാനിയോട് കോടതി
പൊലീസ് അനുമതിയില്ലാതെ 'ആസാദി കൂച്ച്' മാർച്ച് സംഘടിപ്പിച്ചതിന് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകിയാണ് കോടതി നിർദേശം
ഗുജറാത്ത്: റാലി സംഘടിപ്പിച്ച കേസിൽ ജാമ്യം ലഭിച്ച വഡ്ഗാം എം.എൽ.എ ജിഗ്‌നേഷ് മേവാനിയും മറ്റു പ്രതികളും അനുമതിയില്ലാതെ സംസ്ഥാനം വിട്ട് പുറത്ത് പോകരുതെന്ന് മെഹ്സാന സെഷൻസ് കോടതി. പൊലീസ് അനുമതിയില്ലാതെ 'ആസാദി കൂച്ച്' മാർച്ച് സംഘടിപ്പിച്ചതിന് 2017ൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം നൽകിയാണ് കോടതി നിർദേശം. കേസിൽ പ്രതികളായ മറ്റു പത്തുപേർക്കും കോടതി വെള്ളിയാഴ്ച ജാമ്യം നൽകിയിരിക്കുകയാണ്.
ദലിതർക്കായി സർക്കാർ അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാൻ രാഷ്ട്രീയ ദലിത് അധികാർ മഞ്ച് നേതൃത്വത്തിൽ നടന്ന മാർച്ചാണ് കേസിനാധാരമായ സംഭവം. കഴിഞ്ഞ മേയ് അഞ്ചിന് കേസിൽ ജിഗ്‌നേഷ് മേവാനിക്കും മറ്റ് പ്രതികൾക്കും മജിസ്ട്രേറ്റ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് സെഷൻസ് കോടതി കേസിൽ ഇവർക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഗുജറാത്ത് വിട്ട് പുറത്ത് പോകരുതെന്ന് ഉത്തരവിടുകയായിരുന്നു. പാസ്പോർട്ട് കോടതിക്ക് മുന്നിൽ ഹാജരാക്കാനും നിർദേശമുണ്ട്.
എന്നാൽ തന്നെ ബുദ്ധിമുട്ടിക്കാൻ കിട്ടുന്ന ഒരവസരവും ഗുജറാത്ത് സർക്കാർ ഒഴിവാക്കുന്നില്ലെന്ന് ജിഗ്‌നേഷ് പറഞ്ഞു. 'ഞങ്ങളുടെ ആസാദി കൂച്ച് യാത്രയിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. പ്രതിഷേധത്തെ തുടർന്ന് 50 വർഷമായി സാമൂഹിക വിരുദ്ധർ കയ്യേറിയ ഭൂമി ആദിവാസികൾക്ക് ലഭിച്ചു. പാവപ്പെട്ടവർക്കും ഭൂരഹിതർക്കും വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് ഗുജറാത്തിലുള്ളത്. അതുകൊണ്ട് മാർച്ച് അനിവാര്യമായിരുന്നു,' ജിഗ്‌നേഷ് മേവാനി പറഞ്ഞു. എൻസിപി ലീഡർ രേഷ്മ പട്ടേൽ, രാഷ്ട്രീയ ദലിത് അധികാർ മഞ്ച് കോർഡിനേറ്റർ സുബോധ് പാർമർ എന്നിവരും കേസിലുൾപ്പെട്ടിരുന്നു. ആകെയുണ്ടായിരുന്ന 12 പ്രതികളിലൊരാളെ പിടികൂടിയിട്ടില്ല.
Vadgam MLA Jignesh Mewani and other accused released on bail in Mehsana sessions court ordered not to leave Gujarat