'വിദ്യാർഥികൾ യുക്രൈൻ അതിർത്തി കടന്നത് സ്വന്തം കഴിവുകൊണ്ട്'; എംബസി സഹായിച്ചില്ലെന്ന് വേണു രാജാമണി
പ്രശ്‌നമില്ലാത്ത സ്ഥലങ്ങളിലെ വിദ്യാർഥികളെ നാട്ടിലെത്തിച്ച് ആഘോഷിക്കുകയാണ് കേന്ദ്രസർക്കാരെന്നും വേണു രാജാമണി മീഡിയവണിനോട് പറഞ്ഞു.
യുക്രൈനിലെ രക്ഷാപ്രവർത്തനത്തില്‍ കേന്ദ്രത്തെ വിമർശിച്ച് കേരളാ ഹൗസിലെ സ്പെഷ്യല്‍ ഓഫീസർ വേണു രാജാമണി. ഖാർകീവിലെ കുട്ടികള്‍ സ്വന്തം കഴിവുകൊണ്ടാണ് രക്ഷപ്പെട്ടത്. എംബസി സഹായിച്ചില്ല. യുദ്ധം രൂക്ഷമായ സുമിയിലെ കുട്ടികള്‍ക്കായി എട്ടുദിവസമായിട്ടും എംബസി ഒന്നും ചെയ്തില്ലെന്നും വേണുരാജാമണി കുറ്റപ്പെടുത്തി. പ്രശ്നമില്ലാത്ത സ്ഥലങ്ങളിലെ വിദ്യാർഥികളെ നാട്ടിലെത്തിച്ച് ആഘോഷിക്കുകയാണ് കേന്ദ്രസർക്കാരെന്നും വേണു രാജാമണി മീഡിയവണിനോട് പറഞ്ഞു. മന്ത്രിമാര്‍ പോയതുകൊണ്ട് പ്രയോജനമുണ്ടായില്ല, പ്രശസ്തി മാത്രമാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1000 പേരെ ഇനിയും പുറത്തിറക്കാനുണ്ട്. അക്കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സുമിയിലേക്ക് യാത്രാസംവിധാനമില്ലാത്തത് ആശങ്കയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രൈന്‍ വിദ്യാര്‍ഥികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നു എന്ന് റഷ്യ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. അതുകൊണ്ട് റഷ്യ വഴിയുള്ള രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കേരളത്തിലും കേരളാ ഹൗസിലുമിരുന്ന് ചിലർ നിരുത്തരവാദിത്വപരമായ പ്രസ്താവന നടത്തുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നതില്‍ നടപടികള്‍ വൈകിയെന്ന് വേണു രാജാമണിയുടെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രസ്താവനകൾ രാജ്യം ഒറ്റക്കെട്ടാണ് എന്ന സന്ദേശമല്ല നൽകുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍, മന്ത്രി എന്ത് ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് അറിയില്ലെന്നായിരുന്നു വേണു രാജാമണിയുടെ പ്രതികരണം. വിദേശകാര്യ മന്ത്രാലയത്തോട് സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.