ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് എണ്ണ തേച്ചു കുളിക്കണമെങ്കില്‍ പൊലീസുകാരന്‍ ഓടക്കുഴല്‍ വായിക്കണം; വിവാദമായി വീഡിയോ
മധുരയിലെ ആംഡ് ബറ്റാലിയൻ ഡെപ്യൂട്ടി കമ്മീഷണർ ജി.സോമസുന്ദരത്തിന്‍റെ വീഡിയോയാണ് വൈറലായത്
ഓയില്‍ മസാജ് ചെയ്യുന്നതിനിടെ പൊലീസുകാരനെക്കൊണ്ട് ഓടക്കുഴൽ വായിപ്പിക്കുന്ന ഡെപ്യൂട്ടി കമ്മീഷണറുടെ വീഡിയോ വിവാദത്തില്‍. മധുരയിലെ ആംഡ് ബറ്റാലിയൻ ഡെപ്യൂട്ടി കമ്മീഷണർ ജി.സോമസുന്ദരത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസുദ്യോഗസ്ഥന്‍ പുലിവാലു പിടിച്ചത്.
ദേഹമാകെ എണ്ണ തേച്ച് അല്‍പവസ്ത്രധാരിയായി കസേരയില്‍ ഇരിക്കുന്ന സോമസുന്ദരത്തിനെ വീഡിയോയില്‍ കാണാം. തൊട്ടടുത്ത് മദ്യക്കുപ്പിയുമുണ്ട്. ഇതിനിടെ കീഴുദ്യോഗസ്ഥനെ കൊണ്ട് ഓടക്കുഴല്‍ വായിപ്പിക്കുകയാണ് സോമസുന്ദരം. സംഗീതപ്രേമിയായ സുന്ദരം പാട്ട് നന്നായി ആസ്വദിക്കുന്നുമുണ്ട്. പൊലീസ് യൂണിഫോമില്‍ എം.ജി.ആറിന്‍റെ പാട്ടുകള്‍ പാടുന്ന സോമസുന്ദരം ടിക്ടോകിലെ താരമാണ്.
തമിഴ്‌നാട് പൊലീസ് ബാൻഡിലെ അംഗമായ പൊലീസുകാരനെക്കൊണ്ടാണ് സോമസുന്ദരം ഓടക്കുഴൽ വായിപ്പിച്ചത്. ആരോ പകര്‍ത്തിയ വീഡിയോ പിന്നീട് ലീക്കാവുകയായിരുന്നു. സംഗതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മധുര സിറ്റി കമ്മീഷണര്‍ പ്രേം ആനന്ദ് സിന്‍ഹ പറഞ്ഞു.