വയനാടോ റായ്ബറേലിയോ; ഏത് നിലനിർത്തുമെന്നതിൽ രാഹുൽ​ഗാന്ധിയുടെ തീരുമാനം ഉടൻ

രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തീയതി മറ്റന്നാളാണ്

Update: 2024-06-16 11:51 GMT
Advertising

ന്യൂഡൽ​ഹി: വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ ഏത് നിലനിർത്തുമെന്നതിൽ രാഹുൽ​ഗാന്ധിയുടെ തീരുമാനം ഉടൻ ഉണ്ടായേക്കും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. വയനാട് സീറ്റ് രാഹുൽ ​ഗാന്ധി ഒഴിഞ്ഞാൽ പകരം പ്രിയങ്ക ​ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

രണ്ടു മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏത് മണ്ഡലം നിലനിർത്തും എന്നതിൽ ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നാണ് ചട്ടം. രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തിയതി മറ്റന്നാളാണ്. റായ്ബറേലി വിജയിച്ചതിനാൽ വയനാട് ഒഴിയാനാണ് സാധ്യത. വയനാട് മണ്ഡലം സന്ദർശിച്ച രാഹുൽ ഏത് മണ്ഡലം ഒഴിയണമെന്നതിൽ ധർമ സങ്കടം ആണെന്ന് വ്യക്തമാക്കിയിരുന്നു.

ഉത്തരേന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകത കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. യുപിയിൽ 17 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിൽ വിജയിച്ചിരുന്നു. ഏഴ് കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യാ സഖ്യം യുപിയിൽ മികച്ച വിജയം നേടിയതോടെ സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താനാണ് രാഹുൽഗാന്ധിയുടെ ശ്രമം.

വയനാട് രാജിവച്ചാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ സമയമുണ്ട്. വയനാട് ഒഴിവ് വന്നാൽ പ്രിയങ്കയ്ക്കാണ് മുൻ‌തൂക്കം. പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിലൂടെ വയനാട് സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ തടയാമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് പ്രിയങ്ക ഉപേക്ഷിച്ചാൽ മറ്റൊരു പേരിനെക്കുറിച്ച് കോൺഗ്രസ് ചിന്തിക്കില്ല. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News