സ്വിം സ്യൂട്ട് ഫോട്ടോയുടെ പേരില്‍ അധ്യാപികയെ രാജിവെപ്പിച്ച സംഭവം: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

ഓഗസ്റ്റ് എട്ടിനാണ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ ബിരുദ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്‍റെ പരാതിയെത്തിയത്

Update: 2022-08-14 07:56 GMT
Advertising

കൊല്‍ക്കത്ത: ഇന്‍സ്റ്റഗ്രാമില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പങ്ക് വെച്ചെന്ന പരാതിയില്‍ അധ്യാപികയെ രാജിവെപ്പിച്ച കൊല്‍ക്കത്ത സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിയുടെ നടപടിയ്‌ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം. വെള്ളിയാഴ്ച ന്യൂടൗണിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കറുത്ത വസ്ത്രം ധരിച്ച് ഒത്തുകൂടിയ വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി നിശബ്ദ പ്രതിഷേധം സംഘടിപ്പിച്ചു.

ക്യാംപസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കുന്നത്. ഓഗസ്റ്റ് 10ന് പാര്‍ക്ക് സ്ട്രീറ്റിലുള്ള സെന്‍റ് സേവ്യേഴ്‌സ് കോളജ് ക്യാംപസിലും സമാന രീതിയില്‍ പ്രതിഷേധം നടന്നിരുന്നു. കൊല്‍ക്കത്തയിലെ വിവിധ കോളജുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നും എത്തിയ വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ കോളജ് അധികൃതര്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ വഴങ്ങിയില്ല. ഇതേദിവസം തന്നെ നടപടി ചര്‍ച്ച ചെയ്യാന്‍ സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഫെലിക്‌സ് രാജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു.

ഓഗസ്റ്റ് എട്ടിനാണ് യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ക്കെതിരെ ബിരുദ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്‍റെ പരാതിയെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ അധ്യാപിക പങ്ക് വച്ച ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന്‍ കണ്ടെന്നും ചിത്രങ്ങള്‍ അശ്ലീലവും നീചവും സഭ്യമല്ലാത്തതുമാണെന്നുമായിരുന്നു പരാതി. ബി കെ മുഖര്‍ജി എന്നയാളാണ് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധ്യാപികയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. സംഭവം വിവാദമായതോടെ അധ്യാപികയെ അനുകൂലിച്ചും യൂണിവേഴ്‌സിറ്റിയുടെ നടപടിയ്‌ക്കെതിരെയും നിരവധി പേര്‍ രംഗത്തെത്തി. ഫേസ്ബുക്കില്‍ #takethatxaviers എന്ന ഹാഷ്ടാഗില്‍ സ്വിംസ്യൂട്ട് ചിത്രങ്ങളിട്ടും ആളുകള്‍ പ്രതിഷേധം രേഖപ്പെടുത്തി.

യൂണിവേഴ്‌സിറ്റിയില്‍ മുമ്പ് സേവനമനുഷ്ഠിച്ചിരുന്നവരും നിലവിലുള്ള അധ്യാപകരും ജീവനക്കാരുമടക്കം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അധ്യാപികയെ പിരിച്ചുവിട്ട സംഭവത്തില്‍ ആശ്ചര്യം തോന്നുന്നില്ലെന്നും കടുത്ത മാനസിക ചൂഷണമാണ് സര്‍വകലാശാല അധികൃതരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളതെന്നുമാണ് ഇവര്‍ അറിയിക്കുന്നത്. അധ്യാപകരുടെ അവസ്ഥ ഇതാണെങ്കില്‍ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നാണ് അധ്യാപകരുടെ ഭാഷ്യം. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ അധികൃതര്‍ സ്ഥിരം ചോദ്യംചെയ്യാറുണ്ടെന്നും അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് ഇവരുടെ സമീപനമെന്നും അധ്യാപകര്‍ ആരോപിക്കുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News