രാജ്യത്ത് ഇന്ന് കോവിഡ് കേസുകൾ 4000ത്തിലേക്കെത്തും
ഒമിക്രോണും പുതിയ വകഭേദങ്ങളുമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്
ഡല്‍ഹി: രാജ്യത്ത് ഇന്ന് കോവിഡ് കേസുകൾ നാലായിരത്തിലേക്കെത്തും. ഒമിക്രോണും പുതിയ വകഭേദങ്ങളുമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ജില്ലാതലങ്ങളിൽ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ച് നിരീക്ഷണവും നിയന്ത്രണവും കർശനമാക്കാനാണ് നിർദേശം. കേരളത്തിലും മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് രോഗവ്യാപനം കൂടുതൽ. തമിഴ്നാട്ടിലും തെലങ്കാനയിലും കർണാടകയിലും കേസുകൾ ഉയരുന്നുണ്ട്. പല സംസ്ഥാനങ്ങളും പരിശോധന നടത്തുന്നില്ലെന്ന ആരോപണവും ഉണ്ട്.
സജീവമായ കേസുകൾ ഇപ്പോൾ മൊത്തം അണുബാധയുടെ 0.05 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രോഗമുക്തിനിരക്ക് 98.73 ശതമാനമാണ്. ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകൾ 24,052 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ശനിയാഴ്ച രജിസ്റ്റർ ചെയ്ത സജീവ കേസുകൾ 22,416 ആയിരുന്നു.
അതേസമയം കേരളത്തില്‍ പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായ ആറാം ദിവസവും ആയിരം കടന്നു. ഇന്നലെ 1,383 പേർക്ക് രോഗബാധ. കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. ആറ് ദിവസത്തിനിടെ 8237 പേർക്കാണ് കേരളത്തിൽ രോഗബാധയ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്. അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.