അടുത്തത് എന്താണ്? ഹിൻഡൻബർഗിലും ഇ.ഡി റെയ്ഡ് ഉണ്ടാവുമോ?- തെലങ്കാന ഐ.ടി മന്ത്രി
ഇന്ന് ഉച്ചയോടെയാണ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ഹൈദരാബാദ്: ആദായനികുതി വകുപ്പ്, ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ തങ്ങളുടെ കളിപ്പാവകളാക്കി മാറ്റിയെന്ന് തെലങ്കാന ഐ.ടി മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്റുമായ കെ.ടി രാമറാവു. ബി.ബി.സി ഓഫീസിലെ റെയ്ഡിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
''എന്തൊരു അതിശയമാണ്!! മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോഴേക്കും ബി.ബി.സിയുടെ ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ആദായനികുതി വകുപ്പ്, സി.ബി.ഐ, ഇ.ഡി തുടങ്ങിയ ഏജൻസികളെല്ലാം വലിയതമാശയായി മാറിയിരിക്കുന്നു. അടുത്തത് എന്താണ്? ഹിൻഡൻബർഗിൽ ഇ.ഡി റെയ്ഡ് അല്ലെങ്കിൽ അത് എറ്റെടുക്കാനുള്ള ശ്രമം തന്നെ നടത്തുമോ?''- കെ.ടി.ആർ ട്വീറ്റ് ചെയ്തു.
What a surprise!! 😁
— KTR (@KTRBRS) February 14, 2023
A few weeks after they aired the documentary on Modi, BBC India now raided by IT
Agencies like IT, CBI and ED have become laughing stock for turning into BJP's biggest puppets
What next? ED raids on Hindenberg or a hostile takeover attempt? pic.twitter.com/yaZ4ySw88f
ഇന്ന് ഉച്ചയോടെയാണ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ജീവനക്കാരുടെ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്ത ഉദ്യോഗസ്ഥർ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, എസ്.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ റെയ്ഡിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
അദാനിയെക്കുറിച്ചുള്ള ആരോപണങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് പെട്ടെന്നുള്ള റെയ്‌ഡെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. 'വിനാശകാലേ വിപരീത ബുദ്ധി' എന്ന ചൊല്ല് അന്വർഥമാക്കുന്നതാണ് സർക്കാർ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.