രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടും? തീരുമാനം ഇന്നുണ്ടാകും
രാജിവെച്ചില്ലെങ്കിൽ രണ്ട് സ്ഥാനവും റദ്ദാകും
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു ഇന്നറിയാം. ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും. വയനാട് രാജിവയ്ക്കാനാണ് സാധ്യത കൂടുതൽ. ഈ സീറ്റിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാനുള്ള സാധ്യതയും വർധിച്ചു.
രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ, വരണാധികാരിയിൽനിന്നും സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. രാഹുൽ ഗാന്ധിക്ക് രാജി സമർപ്പിക്കാനുള്ള അന്തിമ തീയതി നാളെയാണ്. കഴിഞ്ഞദിവസം വയനാട് മണ്ഡലം സന്ദർശിച്ച രാഹുൽ ഏത് മണ്ഡലം ഒഴിയണമെന്നതിൽ ധർമ സങ്കടമാണെന്ന് വ്യക്തമാക്കിയിരുന്നു.
ഉത്തരേന്ത്യയിൽ ഇൻഡ്യാ മുന്നണി മികച്ച വിജയം നേടിയ സ്ഥിതിക്ക് രാഹുൽ റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിച്ചേക്കും . 17 സീറ്റിൽ യു.പിയിൽ മത്സരിച്ച കോൺഗ്രസ് ആറ് സീറ്റിൽ വിജയിച്ചിരുന്നു. ഏഴു കേന്ദ്രമന്ത്രിമാരെ തോൽപ്പിച്ച് ഇൻഡ്യാ മുന്നണി യുപിയിൽ മികച്ച വിജയം തേടിയതോടെ സംസ്ഥാനത്തെ പാർട്ടി പുനരുജ്ജീവിക്കാനാണ് രാഹുൽഗാന്ധിയുടെ ശ്രമം.
വയനാട് രാജിവച്ചാൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്താൻ ആറു മാസം വരെ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ സമയമുണ്ട്. വയനാട് ഒഴിവ് വന്നാൽ പ്രിയങ്കയ്ക്കാണ് മുൻതൂക്കം. പാർലമെന്ററി രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് പ്രിയങ്ക ഉപേക്ഷിച്ചാൽ മറ്റൊരു പേരിനെക്കുറിച്ചു കോൺഗ്രസ് ചിന്തിക്കില്ല.