ആരാവും ലോക്‌സഭാ സ്പീക്കർ?; രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ഇന്ന് സുപ്രധാന യോഗം
ജൂൺ 24ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സ്പീക്കറെ തീരുമാനിക്കാനായി തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്.
ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ സ്പീക്കർ ആരാവണമെന്ന കാര്യത്തിൽ സമവായത്തിലെത്താനായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ യോഗം. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരും എൻ.ഡി.എ ഘടകക്ഷി നേതാക്കളുമാണ് പങ്കെടുക്കുക. ജൂൺ 24ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് സ്പീക്കറെ തീരുമാനിക്കാനായി തിരക്കിട്ട നീക്കങ്ങൾ നടക്കുന്നത്. 26നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്.
2014ലും 2019ലും ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ സുമിത്രാ മഹാജനെയും ഓം ബിർലയേയും അവർ എതിരില്ലാതെ നാമനിർദേശം ചെയ്യുകയായിരുന്നു. എന്നാൽ ഇത്തവണ 240 സീറ്റിലൊതുങ്ങിയ ബി.ജെ.പി ജെ.ഡി (യു), ടി.ഡി.പി എന്നീ പാർട്ടികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്.
ജെ.ഡി (യു)വിനും ടി.ഡി.പിക്കും സ്പീക്കർ പദവിയിൽ താൽപ്പര്യമുണ്ട്. എന്നാൽ സഭയിലെ നിർണായക സ്ഥാനം ഘടകക്ഷികൾക്ക് വിട്ടുനൽകാൻ ബി.ജെ.പി ഒരുക്കമല്ല. വിഷയത്തിൽ സമവായത്തിലെത്താനാണ് പൊതുസ്വീകാര്യനായ രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ യോഗം വിളിച്ചത്.
ആന്ധ്രാപ്രദേശ് ബി.ജെ.പി അധ്യക്ഷ ഡി. പുരന്ദേശ്വരി, ഒഡീഷയിൽനിന്നുള്ള ബി.ജെ.പി എം.പിയായ ഭർതൃഹരി മഹ്താബ് എന്നിവരുടെ പേരുകളാണ് സ്പീക്കർ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി മികച്ച വിജയം നേടിയിരുന്നു. അതേസമയം നിലവിൽ സ്പീക്കറായ ഓം ബിർല തന്നെ സ്പീക്കർ സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന സൂചനയുമുണ്ട്.