ഹരിയാനയിൽ ബിജെപിക്ക് പുതിയ തലവേദന; മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിർന്ന നേതാവ് അനിൽ വിജ്‌

മുതിർന്ന അംഗം തന്നെ പരസ്യമായി താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു

Update: 2024-09-16 02:29 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കി നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം. 

മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് അനില്‍ വിജ് രംഗത്തെത്തി. ബിജെപിയിലെ മികച്ച മുഖ്യമന്ത്രി സ്ഥാനാർഥിയാണെന്ന് സ്വയം പ്രഖ്യാപിച്ചായിരുന്നു അനില്‍ വിജ് രംഗത്ത് എത്തിയത്. മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തിന്റെ ആവശ്യം ബിജെപി ആവശ്യം തള്ളി. മുതിർന്ന അംഗം തന്നെ പരസ്യമായി താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നയാബ് സിങ് സൈനി മുഖ്യമന്ത്രിയായി തുടരുമെന്ന് പാർട്ടി ഇതിനകം വ്യക്തമാക്കിയ സമയത്താണ് വേറൊരു അംഗം ഇതിനെതിരെ രംഗത്ത് എത്തി സംസാരിക്കുന്നത്.  ആറ് തവണ എംഎല്‍എ ആയിട്ടുള്ള അനില്‍ വിജ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന സാമാജികനാണ്. ഇത്തവണ അദ്ദേഹം ഏഴാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.

'ഞാന്‍ ഇതുവരെ പാര്‍ട്ടിയോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഹരിയാനയില്‍ നിന്നുള്ള ആളുകള്‍, പ്രത്യേകിച്ച് എന്റെ സ്വന്തം മണ്ഡലത്തില്‍ നിന്നുള്ളവര്‍ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് ഞാന്‍ അവകാശവാദം ഉന്നയിക്കും'- ഇങ്ങനെയായിരുന്നു അനില്‍ വിജിന്റെ വാക്കുകള്‍.

എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റേതാണെന്നും അനില്‍ വിജ് പറയുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രി നയാബ് സിങ് സൈനിയെ ഇതിനോടകം ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചല്ലോഎന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ''എന്റെ അവകാശവാദത്തിന് അതൊന്നും തടസ്സമല്ല. പാര്‍ട്ടി വിളിക്കട്ടെ''- എന്നായിരുന്നു.  

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണ വിരുദ്ധ വികാരം മറികടക്കാനാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി ഒബിസി മുഖമായ നയാബ് സിങ് സൈനിയെ ഹരിയാന മുഖ്യമന്ത്രിയായി നിയമിച്ചിരുന്നത്. എന്നാല്‍ അത് ക്ലിക്കായില്ല. 2019ൽ നേടിയ 10 സീറ്റുകളിൽ അഞ്ചെണ്ണം നഷ്ടപ്പെട്ടു. കോൺഗ്രസിനോട് ബിജെപി തോറ്റ സീറ്റുകളിൽ അനിൽ വിജിൻ്റെ അംബാല കൻ്റോൺമെൻ്റ് ഏരിയ ഉൾപ്പെടുന്ന അംബാല ലോക്‌സഭാ സീറ്റും ഉൾപ്പെടുന്നു. 

ഖട്ടാറിന് പകരം നയാബ് സിങ് സൈനിയുടെ പേര് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചത് മുതല്‍ അനില്‍ വിജ് അസ്വസ്ഥനായിരുന്നു.  തീരുമാനം അറിയിക്കാൻ ഡൽഹിയിൽ നിന്ന് എത്തിയ രണ്ട് പാർട്ടി നിരീക്ഷകരുടെ നേതൃത്വത്തിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ നിന്ന് അദ്ദേഹം ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു.  

നയാബ് സിങ് സൈനി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യാനുള്ള മന്ത്രിമാരിൽ വിജുമുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം ചേരാൻ വിസമ്മതിക്കുകയും സത്യപ്രതിജ്ഞാ ചടങ്ങ് പോലും ഒഴിവാക്കുകയും ചെയ്തു. വിജിനെ സമാധാനിപ്പിക്കാൻ സൈനിയും ഖട്ടാറും മറ്റ് മുതിർന്ന നേതാക്കളും ശ്രമം നടത്തിയെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ഈ വിവാദങ്ങൾ ഒരുഭാഗത്ത് നിൽക്കവെയാണ്‌ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചും അദ്ദേഹം രംഗത്ത് എത്തുന്നത്. 

അതേസമയം അദ്ദേഹത്തിന്റെ അവകാശവാദത്തെ ഹരിയാന ബിജെപിയുടെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാനന്‍ തള്ളി രംഗത്തെത്തി. പാര്‍ട്ടി വിജയിച്ചാല്‍ ഹരിയാനയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിറ്റിംഗ് മുഖ്യമന്ത്രി നയാബ് സിങ് സൈനി പാര്‍ട്ടിയുടെ മുഖമായി തുടരുമെന്ന് പ്രധാന്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിനാണ് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News