26ന് ചുമതലയേൽക്കും; തരൂരുമായി ഒരുമിച്ച് മുന്നോട്ട് പോകും: മല്ലികാർജുൻ ഖാർഗെ
കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.
ന്യൂഡൽഹി: ഒക്ടോബർ 26ന് ചുമതലയേൽക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ. തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തെ ജനാധിപത്യം ശക്തമാക്കിയത് കോൺഗ്രസ് ആണ്. സോണിയാ ഗാന്ധിയുടെ ത്യാഗമാണിത്. സോണിയാ ഗാന്ധിയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 7897 വോട്ട് നേടിയാണ് ഖാർഗെ വിജയിച്ചത്. എതിർ സ്ഥാനാർഥിയായിരുന്ന തരൂർ 1072 വോട്ടുകൾ നേടി. കാൽ നൂറ്റാണ്ടിന് ശേഷമാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റ് പദവിയിലെത്തുന്നത്.
സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഖാർഗെയുടെ വസതിയിലെത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. ഖാർഗെയുടെ പ്രവൃത്തിപരിചയം പാർട്ടിയെ കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രിയങ്ക പറഞ്ഞു. എതിർ സ്ഥാനാർഥിയായിരുന്ന ശശി തരൂരും ഖാർഗെയുടെ വസതിയിലെത്തി അഭിനന്ദിച്ചു.
കർണാടകയിലെ കൽബുർഗിയിൽ ദലിത് കുടുംബത്തിൽ ജനിച്ച ഖാർഗെ 1969ൽ 27-ാം വയസ്സിൽ കൽബുർഗി ടൗൺ കോൺഗ്രസ് പ്രസിഡന്റായതോടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 'സൊലില്ലാദ സറദാര' എന്ന പേരിലാണ് ഖാർഗെ കർണാടക രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. 1972ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുർമിത്കൽ മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ആദ്യമായി എംഎൽഎ ആകുന്നത്. അന്ന് മുതൽ തുടർച്ചയായി ഒമ്പത് തവണ, 1972 മുതൽ 2008 വരെ നീണ്ട 36 വർഷമാണ് അദ്ദേഹം നിയമസഭാ സാമാജികനായത്. ഈ തുടർവിജയങ്ങളാണ് അദ്ദേഹത്തെ തോൽവി അറിയാത്ത നായകനെന്ന് വിശേഷിപ്പിക്കാൻ കാരണം.