ഗഗൻയാനും ചന്ദ്രയാനും പിന്നാലെ ശുക്രനിലേക്ക് കുതിക്കാൻ ഐ.എസ്.ആർ.ഒ
ആളില്ലാ ദൗത്യമായ ഗഗൻയാൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് മുമ്പെന്ന് ചെയർമാൻ കെ.ശിവൻ
ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ സ്വപ്‌ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗഗൻയാൻ ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ചെയർമാൻ കെ.ശിവൻ. പുതുവത്സര സന്ദേശത്തിലാണ് ആവേശകരമായ വാർത്ത ചെയർമാൻ പങ്കുവെച്ചത്.
ഗഗൻയാൻ അതിന്റെ പരീക്ഷണ ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇതിനായി ഹ്യൂമൻ റേറ്റഡ് എൽ 110 വികാസ് എഞ്ചിൻ,ക്രയോജനിക് സ്‌റ്റേജ്, ക്രൂ എസ്‌കേപ് സിസ്റ്റം, മോട്ടോർ ആന്റ് സർവീസ് മൊഡ്യൂൾ പാരച്യൂട്ട് ഡ്രോപ് സിസ്റ്റം എന്നിവ പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.ബഹിരാകാശയാത്രികർ റഷ്യയിൽ ബഹിരാകാശ പറക്കൽ പരിശീലനം പൂർത്തിയാക്കിയതായും കെ.ശിവൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് മുമ്പ് ആദ്യത്തെ ആളില്ലാ ദൗത്യം ആരംഭിക്കാനാണ് നിർദ്ദേശം ലഭിച്ചിട്ടുള്ളത്. ഇത് പാലിക്കാനായി ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന വിശ്വാസവും ഞങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അണിയറയിലൊരുങ്ങുന്നത് വമ്പൻ ദൗത്യങ്ങൾ
ഗഗൻയാൻ തയ്യാറാക്കുന്നതിനു പുറമേ, 2022-ൽ നിരവധി ദൗത്യങ്ങൾ ഐ.എസ്.ആർ.ഒയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുക്രനിലേക്കുള്ള ദൗത്യം. ദിശ, ഇരട്ട എയറോണമി സാറ്റലൈറ്റ് മിഷൻ, വീനസ് മിഷൻ, ഐഎസ്ആർഒക്‌നെസ്, സംയുക്ത ശാസ്ത്ര ദൗത്യമായ തൃഷ്ണ തുടങ്ങിയ ദൗത്യങ്ങളെല്ലാം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൗരദൗത്യമായ ആദിത്യ എൽ.1 എന്ന ബഹിരാകാശ പേടകത്തിന്റെ ഹാർഡ് വെയർ ലൂപ്പ് പരിശോധന പൂർത്തിയായിട്ടുണ്ട്. ഭൗമോപരിതലത്തിലെ താപനില കൃത്യമായി മാപ്പിംഗ് ചെയ്യുന്നതാണ് തൃഷ്ണ ദൗത്യമെന്ന് ചെയർമാൻ ശിവൻ പറഞ്ഞു. ചന്ദ്രയാൻ -3 ന്റെ രൂപഘടനയിൽ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരീക്ഷണത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാർസ് ഓർബിറ്റർ മിഷനും (മംഗൾയാനും) പ്രവർത്തനക്ഷമമാണ്. കൊറോണയുടെ വ്യാപനവും തുടർച്ചയായ ലോക്ഡൗണുമെല്ലാം കഴിഞ്ഞ വർഷം ഐ.എസ്.ആർ.ഒയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ വർഷം അതിനെയെല്ലാം അതിജീവിച്ച് കൂടുതൽ ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തിൽ വ്യക്തമാക്കി.