ഐസിയുവിൽ നിന്ന് സ്‌ട്രെച്ചറിൽ വോട്ടുചെയ്യാനെത്തി 78കാരി കലാവതി
ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാനുള്ള കലാവതിയുടെ തീരുമാനത്തെ മെഡിക്കൽ സംഘവും നിരുത്സാഹപ്പെടുത്തിയില്ല
പോളിംഗ് ദിവസം പല വ്യത്യസ്തമായ കാഴ്ചകൾക്കും വേദിയാകാറുണ്ട്. സിനിമാ താരങ്ങൾ മുതൽ കല്യാണ മണ്ഡപത്തിൽ നിന്ന് നേരിട്ട് വോട്ടുചെയ്യാനെത്തുന്ന വധൂ വരന്മാർ വരെ ശ്രദ്ധപിടിച്ചുപറ്റും. എന്നാൽ, ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കിടന്ന ഒരാൾ വോട്ടുചെയ്യാൻ എത്തിയാൽ എങ്ങനെയുണ്ടാകും? ബെംഗളൂരുവിലെ 78 കാരിയായ കലാവതി എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് തന്റെ വോട്ടുരേഖപ്പെടുത്താൻ എത്തിയത്.
വോട്ട് ചെയ്യണോ, ചെയ്യാതിരിക്കണോ ഈ രണ്ടുചോദ്യങ്ങൾ മാത്രമാണ് കാലാവധിക്ക് മുന്നിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് രണ്ടുദിവസം മുൻപ് ശ്വാസംമുട്ടലും ചുമയുമായി അവരെ ജയനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, വോട്ടവകാശം വിനിയോഗിക്കുന്നതിനായി സ്ട്രെച്ചറിൽ പോൾ ബൂത്തിലേക്ക് പോവുകയായിരുന്നു. കാലാവതിയുടെ ഓക്സിജൻ ലെവൽ വളരെ കുറവായിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിശോധനയിൽ ന്യുമോണിയയാണെന്ന് കണ്ടെത്തിയിരുന്നു.
ഓക്സിജൻ തെറാപ്പി, ഇൻഹാലേഷൻ, ആൻറിവൈറൽ മരുന്നുകൾ തുടങ്ങി ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് വോട്ടുചെയ്യാൻ എത്തിയത്. ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടതോടെ കലാവതിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് വോട്ടുചെയ്യണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാനുള്ള കലാവതിയുടെ തീരുമാനത്തെ മെഡിക്കൽ സംഘവും നിരുത്സാഹപ്പെടുത്തിയില്ല. അങ്ങനെ നഴ്‌സിംഗ് ടീമിൻ്റെ സഹായത്തോടെ ജയനഗർ മണ്ഡലത്തിൽ സ്‌ട്രെച്ചറിൽ എത്തി കലാവതി തന്റെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.