മാസം തികയാതെ ഗര്‍ഭിണിക്ക് സിസേറിയന്‍; അബദ്ധം മനസിലായപ്പോള്‍ മുറിവ് തുന്നിക്കെട്ടി, പരാതിയുമായി ബന്ധുക്കള്‍
ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ച പൂര്‍ത്തിയായില്ലെന്ന് മനസിലായതോടെ മുറിവ് വീണ്ടും തുന്നിക്കെട്ടുകയായിരുന്നു
കരിംഗഞ്ച്: അസമിലെ കരിംഗഞ്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ മാസം തികയാതെ ഗര്‍ഭിണിയെ പ്രസവ ശസ്ത്രക്രിയക്ക് വിധേയയാക്കിയതായി പരാതി. പ്രസവ തിയതിക്ക് മൂന്നര മാസം മുന്‍പെയാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ച പൂര്‍ത്തിയായില്ലെന്ന് മനസിലായതോടെ മുറിവ് വീണ്ടും തുന്നിക്കെട്ടുകയായിരുന്നു.
ഡോക്ടർ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയും ഗർഭിണിയുടെ വീട്ടുകാരോട് സംഭവം ആരുമായും ചർച്ച ചെയ്യരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം യുവതിയുടെ ആരോഗ്യം മോശമായപ്പോഴാണ് ബന്ധുക്കളും അയൽക്കാരും വിവരമറിയുന്നത്. "അത്തരമൊരു സംഭവത്തിന്‍റെ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. വസ്തുതകൾ കണ്ടെത്തുന്നതിനായി ഞങ്ങൾ അന്വേഷണം നടത്തുകയാണ്. ഡോക്ടറോ മറ്റാരെങ്കിലുമോ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ, അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കും," ആശുപത്രി അധികൃതർ പറഞ്ഞു. വിഷയം പരിശോധിക്കാൻ 11 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രാഥമിക റിപ്പോർട്ട് വെള്ളിയാഴ്ച ഗുവാഹത്തി ആരോഗ്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഗസ്ത് 21നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിൽ കഴിഞ്ഞു. ഡിസംബറിൽ കുഞ്ഞിന് ജന്മം നൽകുമെന്ന് അറിഞ്ഞിട്ടും അൾട്രാസൗണ്ട് പരിശോധന നടത്താതെ ആഗസ്ത് 23ന് സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആഗസ്ത് 31നാണ് യുവതി ആശുപത്രി വിട്ടത്. വീട്ടിലെത്തിയ ശേഷം യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. രോഷാകുലരായ കുടുംബാംഗങ്ങൾ ആശുപത്രി അധികൃതരെ സമീപിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിലവില്‍ യുവതി ഈ ആശുപത്രിയില്‍ തന്നെ ചികിത്സയിലാണ്. ഗർഭസ്ഥശിശുവിന് കുഴപ്പമില്ലെന്ന് വെള്ളിയാഴ്ച നടത്തിയ അൾട്രാസൗണ്ട് പരിശോധനയിൽ വ്യക്തമായെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.