നിലയ്ക്കാത്ത വൈദ്യുതിയും ജീവവായുവും; ജീവിതത്തോട് പൊരുതിയ 400 മണിക്കൂര്‍, ഒടുവില്‍ 41 പേരും സുരക്ഷിതരായി പുറത്തേക്ക്

ചെറിയ കുഴൽ സ്ഥാപിച്ച് ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനുമൊപ്പം 41 തൊഴിലാളികൾക്ക് ആത്മവിശ്വാസവും നൽകി

Update: 2023-11-28 16:23 GMT
Editor : Lissy P | By : Web Desk
Advertising

ഉത്തരകാശി:  ഉത്തരാഖണ്ഡ് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ തുരങ്കത്തിൽ നിന്നും പുറത്തെത്തിച്ചത് 400 മണിക്കൂറുകള്‍ക്ക് ശേഷം. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇവരെല്ലാവരും സുരക്ഷിതരാണ്. 17 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മാനുവൽ ഡ്രില്ലിംഗ് വഴിയാണ് രക്ഷാ പാതയുടെ അവസാന പൈപ്പ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. തുരങ്കത്തിൽ നിന്ന് പുറത്തെത്തിച്ച 41 തൊഴിലാളികളിൽ 2 പേരെ ഇവർക്കായി സജ്ജമാക്കിയ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.

ദീപാവലി ദിനവും ഉപജീവന മാർഗം തേടി തുരങ്കത്തിൽ പണിയെടുക്കാൻ എത്തിയതായിരുന്നു അവർ 41 പേര്‍. മണ്ണിടിഞ്ഞ് തുരങ്കമുഖം മൂടിയതോടെ ജീവിതത്തിലേക്ക് ഉള്ള പാത തന്നെ അടഞ്ഞെന്നവർ ഭയപ്പെട്ടിരിക്കാം. നിലയ്ക്കാത്ത വൈദ്യുതിയും കുഴൽ വഴി ലഭിച്ച ജീവ വായുവും ആദ്യ മണിക്കൂറുകളിലെ അവരുടെ ജീവിക്കാനുള്ള ആഗ്രഹത്തിന് പിന്തുണ നൽകി. അപകടം പുറംലോകം അറിഞ്ഞതോടെ ആ 41 ജീവനുകളെയും പുറത്തെത്തിക്കാനുള്ള ദൗത്യം രാജ്യം ഏറ്റെടുത്തു.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യന്ത്ര സാമഗ്രികൾ വഹിച്ച് സിൽക്യാരയിലെ മലഞ്ചെരുവിലേക്ക് വ്യോമസേന വിമാനങ്ങൾ പറന്നെത്തി. ചെറിയ കുഴൽ സ്ഥാപിച്ച് ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും ഒപ്പം അകപ്പെട്ട 41 തൊഴിലാളികൾക്ക് ആത്മവിശ്വാസവും നൽകി. സംസ്ഥാന കേന്ദ്ര സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം അന്താരാഷ്ട്ര വിദഗ്ദ്ധരും ഉപകരണങ്ങളും ഒത്തുചേർന്നതോടെ പ്രതീക്ഷയുടെ വെളിച്ചം തുരങ്കത്തിൽ വീണു. രണ്ട് തവണ ഓഗർ യന്ത്രം നിലച്ചപ്പോഴും മനുഷ്യൻ്റെ കൈക്കരുത്ത് ആശ്രയമായി. നീണ്ട പതിനേഴ് രാപ്പകലുകൾ ചോര നീരാക്കി മണ്ണിനോട് പടവെട്ടി ഒരു കൂട്ടം മനുഷ്യർ സഹജീവികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി. ആശ്വാസവാക്കുകളും പിന്തുണയുമായി രാജ്യം തൊഴിലാളികൾക്കും കുടുംബത്തിനും ഒപ്പം നിന്നു.

ഓരോ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയേ ഫോണിൽ ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം വിലയിരുത്തുകയും കൂടുതൽ എന്ത് സഹായം വേണമെന്ന് ആരായുകയും ചെയ്തിരുന്നു. അഞ്ചോളം മാർഗങ്ങൾ രക്ഷാ ദൗത്യത്തിന് കണ്ടെത്താൻ ശാസ്ത്ര സാങ്കേതിക വിദ്യയുടെ കൈകൾ കരുത്തായി. നാന്നൂറ് മണിക്കൂറുകൾക്ക് ശേഷം പുറത്തെത്തിയ തൊഴിലാളികളെ കുടുംബവും രക്ഷാ പ്രവർത്തകരും ചേർന്ന് വരവേറ്റു. ടണൽ തുരന്ന് സ്ഥാപിച്ച 60 മീറ്റർ പൈപ്പിലൂടെ വീൽ സ്ട്രക്ചറിൽ പുറത്തെത്തിച്ച തൊഴിലാളികളെ ആശുപത്രിയിൽ എത്തിക്കാൻ എല്ലാ വിധ സംവിധാനങ്ങളോടും കൂടി ആംബുലൻസുകൾ സിൽക്യാരയിൽ ദിവസങ്ങൾക്ക് മുൻപ് സജ്ജമായിരുന്നു.




Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News