ഇനി യോഗിയുടെ കാലം
മോദിയുടെ പിന്‍ഗാമിയായി യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യുപിയില്‍ യോഗിയുടെ രണ്ടാമൂഴം
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നിര്‍ണായക വിജയം സമ്മാനിച്ച യോഗി ആദിത്യനാഥ് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനായി മാറുകയാണ്. മോദിയുടെ പിന്‍ഗാമിയായി യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യുപിയില്‍ യോഗിയുടെ രണ്ടാമൂഴം. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും എന്ന പ്രഖ്യാപനത്തോടെ ദേശീയ നേതാവാകാന്‍ താന്‍ തയ്യാറാണെന്ന സൂചന യോഗി നല്‍കുന്നുണ്ട്.
അജയ് മോഹൻ ബിഷ്ത് യോഗിയായതെങ്ങനെ?
1972 ജൂണ്‍ 5ന് ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ പഞ്ചൂർ ഗ്രാമത്തിലാണ് അജയ് മോഹൻ ബിഷ്ത് ജനിച്ചത്. ഉത്തരാഖണ്ഡിലെ ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി. 1990കളിൽ അയോധ്യ രാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേര്‍ന്നു. ഗോരഖ്നാഥ് മഠത്തിന്‍റെ തലവനായ മഹന്ത് വൈദ്യനാഥിന്‍റെ ശിഷ്യനായി. 22ആം വയസിൽ ദീക്ഷയ്ക്ക് ശേഷം ഗോരഖ്പൂർ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി. ഹിന്ദുമഹാസഭയുടെ നേതാക്കളായിരുന്നു ആദ്യ കാലത്ത് ഇരുവരും. ബിജെപി രാമജന്മഭൂമി വിഷയം ഏറ്റെടുത്തതോടെ ഇരുവരും ബിജെപിയില്‍ സജീവമായി. 26ആം വയസിൽ യോഗി 12ആം ലോക്‌സഭയിലെത്തി. ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. ഗോരഖ്പൂരിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ (1998, 1999, 2004, 2009, 2014) യോഗി ആദിത്യനാഥ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദിത്യനാഥ് സ്വന്തം യുവജന സംഘടനയായ ഹിന്ദു യുവവാഹിനി ആരംഭിച്ചു. ഗോ സംരക്ഷണം, ഘർ വാപ്സി എന്നിങ്ങനെയായിരുന്നു അജണ്ട. കിഴക്കൻ ഉത്തർപ്രദേശ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
ബിജെപിയോട് കലഹിച്ച യോഗി
തന്‍റെ ശബ്ദം ബിജെപി വകവെയ്ക്കുന്നില്ലെന്ന തോന്നലുണ്ടായപ്പോഴെല്ലാം യോഗി നേതൃത്വത്തോട് കലഹിച്ചു. തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെച്ചൊല്ലി യോഗിയും ബിജെപി നേതൃത്വവും തമ്മിൽ തർക്കമുണ്ടായിട്ടുണ്ട്. ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്ന സാഹചര്യം പോലുമുണ്ടായി. 2002ൽ ഹിന്ദു മഹാസഭ ടിക്കറ്റിൽ ഗോരഖ്പൂരിൽ നിന്ന് രാധാ മോഹൻ ദാസ് അഗർവാളിനെ മത്സരിപ്പിക്കാന്‍ മുന്‍കയ്യെടുത്തത് യോഗിയായിരുന്നു. തുടർന്ന് ബിജെപി മന്ത്രി ശിവപ്രതാപ് ശുക്ലയെ പരാജയപ്പെടുത്തി. 2007ലും 2012ലും 2017ലും ഗൊരഖ്പൂരില്‍ നിന്ന് രാധാമോഹന്‍ ദാസ് ബിജെപി സ്ഥാനാര്‍ഥിയായി വിജയിച്ചു. ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് തീവ്രത പോരെന്ന് യോഗിക്ക് ഇടക്കാലത്ത് അഭിപ്രായമുണ്ടായിരുന്നു. 2010 മാർച്ചിൽ പാർലമെന്‍റിൽ വനിതാ സംവരണ ബില്‍ പരിഗണിക്കവേ പാർട്ടി വിപ്പ് ലംഘിച്ച ബിജെപി എംപിമാരിൽ ഒരാളായിരുന്നു യോഗി ആദിത്യനാഥ്. കുടുംബ വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കിനെ ബാധിക്കും എന്നായിരുന്നു യോഗിയുടെ വാദം. ഇത്തരം ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയിലും ബിജെപിയുടെ സ്റ്റാർ ക്യാമ്പെയിനറായി യോഗി വളരെ വേഗം മാറി.
യോഗിയെന്ന മുഖ്യമന്ത്രി
2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അന്ന് ബിജെപിയുടെ മുഖ്യ പ്രചാരകനായിരുന്നു ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ അസംബ്ലി കൌണ്‍സില്‍ അംഗമെന്ന നിലയില്‍ മുഖ്യമന്ത്രിയായി. ആദ്യ മന്ത്രിസഭാ യോഗത്തില്‍ 87 ലക്ഷം കർഷകരുടെ ലോൺ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചു. അറവുശാലകൾ അടച്ചുപൂട്ടിയും ആന്‍റി റോമിയോ സ്ക്വാഡുകൾ രൂപീകരിച്ചും പശുക്കടത്ത് നിരോധിച്ചും യോഗിയുടെ പരിഷ്കാരങ്ങള്‍ മറ്റൊരു തലത്തിലേക്കെത്തി. അതായത് വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം യോഗി ഭിന്നിപ്പിന്‍റെ വിത്തുകളും വിതച്ചുകൊണ്ടിരുന്നു. 2020ൽ ലവ് ജിഹാദ് തടയാനെന്ന പേരിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നു. 2021ൽ യുപി ജനസംഖ്യാ നിയന്ത്രണ കരട് ബിൽ അവതരിപ്പിച്ചു. ഉന്നാവോയില്‍ നിന്നും ഹാഥ്റസില്‍ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ബലാത്സംഗത്തിന്‍റെ വാര്‍ത്ത പുറത്തുവന്നു. വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ലഖിംപൂര്‍ഖേരിയിലെ കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കാറോടിച്ച് കയറ്റിയ സംഭവം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. പക്ഷേ ഈ വിവാദങ്ങളും ജനരോഷവുമൊന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല.
ഏഴ് ഘട്ടങ്ങള്‍... വികസനം മുതല്‍ വര്‍ഗീയത വരെ
ഏഴ് ഘട്ടങ്ങളായി നടന്ന ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ ഘട്ടത്തിലും ഓരോ തന്ത്രമാണ് ബിജെപി പുറത്തെടുത്തത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തന്നെ സംസ്ഥാനം ഭരിക്കുന്നതാണ് വികസനത്തിന് നല്ലതെന്ന സന്ദേശം തുടക്കം മുതല്‍ തന്നെ ബിജെപി നേതാക്കള്‍ ജനങ്ങളിലേക്ക് പകര്‍ന്നു. എസ്പി ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന കാലത്ത് തന്നോട് സഹകരിച്ചില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ തടഞ്ഞെന്നും പ്രധാനമന്ത്രി ആരോപിക്കുകയുണ്ടായി. റേഷന്‍, വൈദ്യുതി, ഗ്യാസ് സിലിണ്ടര്‍ എന്നിങ്ങനെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പട്ടത് യോഗിയുടെ കാലത്താണെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് എസ്പിയോടുള്ള ആഭിമുഖ്യം പരാമര്‍ശിച്ച് എസ്പി ഭീകരര്‍ക്കൊപ്പമാണ് എന്നാണ് യോഗി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഊന്നിപ്പറഞ്ഞത്. അവര്‍ പാക് അനുകൂലികളാണെന്നും മുഹമ്മദാലി ജിന്നയെ ആരാധിക്കുന്നവരാണെന്നും സമാജ്‍വാദി പാര്‍ട്ടിയെ ലക്ഷ്യമിട്ട് യോഗി പ്രചാരണം അഴിച്ചുവിടുകയുണ്ടായി. അഹമ്മദാബാദ് സ്ഫോടന കേസിലെ വിധിക്കുശേഷം, തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞത് ബോംബ് വെയ്ക്കാൻ ഭീകരർ സൈക്കിൾ ഉപയോഗിച്ചു എന്നാണ്. സമാജ്‍വാദി പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ ഭീകരവാദവുമായി ബന്ധിപ്പിക്കാനാണ് പ്രധാനമന്ത്രി ഇവിടെ ശ്രമിച്ചത്. അയോധ്യ ക്ഷേത്ര നിര്‍മാണവും കാശിയും മഥുരയുമെല്ലാം തെരഞ്ഞെടുപ്പിന്‍റെ പല ഘട്ടങ്ങളിലും ചര്‍ച്ചയായി. അതിനിടെ യോഗിയുടെ റാലി നടക്കുന്ന സ്ഥലത്ത് കര്‍ഷകര്‍ പശുക്കളെ അണിനിരത്തിയതോടെ പശു വോട്ടു തിന്നുമെന്ന ആശങ്ക ബിജെപി ക്യാമ്പിലുയര്‍ന്നു. അലഞ്ഞുതിരിയുന്ന കാലികൾക്കായി പ്രത്യേക നയം രൂപീകരിക്കുമെന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രിയുടെയും യോഗിയുടെയും പ്രസംഗങ്ങളിൽ അവസാന ഘട്ടങ്ങളില്‍ പശു നിറഞ്ഞുനിന്നു. യുപി കേരളവും ബംഗാളും കശ്മീരും ആവാതിരിക്കാൻ വോട്ട് ചെയ്യണമെന്നും യോഗി ആഹ്വാനം ചെയ്തു.
ചരിത്രം തിരുത്തി യോഗി
35 വര്‍ഷത്തിന് ശേഷമാണ് യു.പിയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തുടര്‍ച്ച നേടുന്നത്. 1989ന് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് രണ്ടാമൂഴം ലഭിക്കുന്നത്. 1989ൽ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കിൽ 1991-92ൽ കല്യാൺ സിങ്ങായി ആ പദവിയിൽ. ബാബരി മസ്ജിദിന്‍റെ തകർച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (1993-95) മുലായം. 95ൽ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയായി. 96ൽ വീണ്ടും രാഷ്ട്രപതി ഭരണം. 97ൽ വീണ്ടും മായാവതി. തൊട്ടുപിന്നാലെ കല്യാൺ സിങ് ഒരിക്കൽക്കൂടി അധികാരത്തിൽ. 1999 മുതൽ 2002 വരെ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നു എങ്കിലും ഇക്കാലയളവിൽ കല്യാൺ സിങിനെ കൂടാതെ രാം പ്രകാശ് ഗുപ്തയും രാജ്‌നാഥ് സിങും മുഖ്യമന്ത്രി പദത്തിലിരുന്നു. 2002ൽ കുറച്ചു കാലം രാഷ്ട്രപതി ഭരണം. അതിനു ശേഷം ഒരു വർഷം മായവതി മുഖ്യമന്ത്രിയായി. പിന്നീട് 2003 മുതൽ 2007 വരെ മുലായം സിങ് യാദവ്. 2007ൽ വീണ്ടും മായാവതി അധികാരത്തിലെത്തി. 2012ൽ ബിഎസ്പിയെ തോൽപ്പിച്ച് സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തി. മുലായം സിങ്ങിന്റെ മകൻ അഖിലേഷ് യാദവാണ് മുഖ്യമന്ത്രിയായത്. 2017ല്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെ ചരിത്രക്കുതിപ്പിന് തടയിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല.