പണിമുടക്കുമെന്ന് യൂണിയൻ: മോദിയുടെയും യോഗിയുടെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം കൊണ്ടുപോയ ശുചീകരണ തൊഴിലാളിയെ തിരിച്ചെടുത്തു

തിരിച്ചെടുത്തില്ലെങ്കിൽ വ്യാപകമായി പണിമുടക്കുമെന്നു കാണിച്ച് ശുചീകരണ തൊഴിലാളികളുടെ സംഘടന ആഗ്ര മുനിസിപ്പൽ കമ്മീഷണർക്ക് കത്തുനൽകി

Update: 2022-07-19 09:38 GMT
Editor : André | By : Web Desk
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മാലിന്യങ്ങൾക്കൊപ്പം ഉന്തുവണ്ടിയിൽ കൊണ്ടുപോയതിന് ജോലി നഷ്ടമായ ശുചീകരണ തൊഴിലാളിയെ ജോലിയിൽ തിരിച്ചെടുത്തു. ബോബി എന്ന തൊഴിലാളിയെ മധുര-വൃന്ദാവൻ മുനിസിപ്പിൽ കോർപറേഷൻ ആണ് തിരിച്ചെടുത്തത്. ബോബിയെ പിരിച്ചുവിട്ടാൽ പണിമുടക്കുമെന്ന് ശുചീകരണ തൊഴിലാളികളുടെ യൂണിയൻ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് മുനിസിപ്പൽ കോർപറേഷൻ അധികൃതരുടെ നീക്കം.

ഉന്തുവണ്ടിയിൽ മാലിന്യങ്ങൾക്കൊപ്പം നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ ബോബി കൊണ്ടുപോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപമായി പ്രചരിച്ചിരുന്നു. ബോബിയെ തടഞ്ഞുനിർത്തി നേതാക്കന്മാരുടെ ചിത്രങ്ങൾ പുറത്തെടുപ്പിച്ചവർ പകർത്തിയ വീഡിയോ ആണ് വൈറലായത്. ഇതേത്തുടർന്നാണ് ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടത്.

തൊഴിലാളി ചെയ്തത് വലിയ തെറ്റാണെന്നും അതിനാലാണ് പിരിച്ചുവിട്ടത് എന്നുമാണ് മഥുര മേയർ ആര്യ ബന്ധു പറഞ്ഞത്. 'അന്നം തിന്നുന്ന മനുഷ്യന് ആ ചിത്രങ്ങൾ മോദിയുടെയും യോഗിയുടെയും ആണെന്ന് അറിയാതിരിക്കില്ല. ആ ചിത്രങ്ങൾ മാലിന്യ കൂമ്പാരത്തിൽ ഇട്ടത് വലിയ തെര്‌റാണ്; അയാൾക്ക് വിദ്യാഭ്യാസം ഇല്ലെങ്കിൽ പോലും...' ആര്യ ബന്ധു പറഞ്ഞു.

ചിത്രങ്ങൾ ആരുടേതാണെന്ന് തനിക്കറിയില്ലായിരുന്നു എന്നും തന്നോട് പൊറുക്കണമെന്നും ബോബി അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, ബോബിയെ ജോലിയിൽ നിന്ന് പുറത്താക്കിയതിനെതിരെ യു.പി സ്ഥാനീയ നികായ് കർമാചാരി മഹാസംഘ് (ശുചീകരണ തൊഴിലാളി യൂണിയൻ) രംഗത്തുവന്നു. ഇദ്ദേഹത്തെ തിരിച്ചെടുത്തില്ലെങ്കിൽ വ്യാപകമായി പണിമുടക്കുമെന്നു കാണിച്ച് സംഘടന ആഗ്ര മുനിസിപ്പൽ കമ്മീഷണർക്ക് കത്തുനൽകി. യു.പി നഗര വികസന മന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നു കത്ത്. 'പിരിച്ചുവിട്ട കരാർ തൊഴിലാളിയെ തിരിച്ചെടുത്തില്ലെങ്കിൽ എല്ലാ ശുചീകരണ തൊഴിലാളികളും പണിമുടക്ക് സമരം നടത്തും. സമരം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ ആയിരിക്കും ഉത്തരവാദി.' കത്തിൽ പറയുന്നു.

പിരിച്ചുവിടപ്പെട്ട ബോബിക്ക് മൂന്ന് പെൺകുട്ടികളടക്കം അഞ്ച് മക്കളാണുള്ളതെന്നും പ്രതിമാസം 5,500 രൂപയാണ് ശമ്പളം ലഭിക്കുന്നതെന്നും യൂണിയൻ പ്രതിനിധി സുന്ദർ ബാബു ചഞ്ചൽ പറഞ്ഞു.

തൊഴിലാളികളുടെ ഭീഷണിക്കു പിന്നാലെയാണ് ബോബിയെ തിരിച്ചെടുക്കാൻ മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചത്. ബോബിയുടെ അപേക്ഷ പരിഗണിച്ചാണ് തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തതെന്നും ഇത്തരം വീഴ്ചകൾ ഇനിയുണ്ടാകരുതെന്നും മഥുര നഗർ സിറ്റി ഹെൽത്ത് ഓഫീസർ ഒപ്പുവെച്ച മെമോയിൽ പറയുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News