''സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ''- വി.ഡി സതീശന്‍

''ഭരതൻ എസ്.ഐ എന്നെ അറസ്റ്റ് ചെയ്യെന്ന് പറയും പോലെ എന്നെ ചോദ്യം ചെയ്യെന്ന് ഷാജ് കിരൺ പറഞ്ഞിട്ടും ചോദ്യം ചെയ്യുന്നില്ല...''

Update: 2022-06-13 07:31 GMT
Advertising

സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വർണ്ണകടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ വന്നത് പിണറായി വിജയൻ കത്തെഴുതിയിട്ടാണെന്നും താല്‍പര്യങ്ങൾക്ക് അനുസരിച്ചാണ് ഇ.ഡി കേസെടുക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ ധാരണയാണ് നടക്കുന്നതെന്ന് പറഞ്ഞ സതീശന്‍ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും ഇ.ഡി ഇതുവരെ അനങ്ങിയില്ലെന്നും വിമര്‍ശിച്ചു. സോണിയ-രാഹുല്‍ ഇ.ഡി കേസും സ്വർണ്ണകടത്ത് കേസും രണ്ടും രണ്ടാണെന്നും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നും സതീശന്‍ പറഞ്ഞു..

''സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ വന്നത് പിണറായി വിജയൻ കത്തെഴുതിയിട്ടാണ്. എന്നിട്ടെന്താണ് ഉണ്ടായത്, ഒരു സുപ്രഭാതത്തിൽ എല്ലാ അന്വേഷണവും നിലച്ചു. സരിത്ത് മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് മൊഴി കൊടുത്തതോടെയാണ് കേസ് നിന്നത്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് ശേഷം പിണറായിയും കേന്ദ്രവുമായുള്ള ഇടനിലക്കാർ സജീവമാണ്. ഇടനിലക്കാരുണ്ടാവില്ലെന്ന് പറഞ്ഞിട്ട് ഇടനിലക്കാരെ തട്ടീം മുട്ടീം നടക്കാൻ പറ്റുന്നില്ല. കാലം കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണം''. വി.ഡി സതീശന്‍ പറഞ്ഞു.

ഷാജ് കിരണിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സതീശന്‍ ഭരതൻ എസ്.ഐ എന്നെ അറസ്റ്റ് ചെയ്യെന്ന് പറയും പോലെ എന്നെ ചോദ്യം ചെയ്യെന്ന് ഷാജ് കിരൺ പറഞ്ഞിട്ടും ചോദ്യം ചെയ്യുന്നില്ലെന്നും പരിഹസിച്ചു. 

അതേസമയം മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം കനക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഫർഹാൻ മുണ്ടേരിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയ ഫർഹാൻ മുണ്ടേരിയെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ പൊലീസിനു മുന്നിൽ വെച്ച് മർദിക്കുകയും വാഹനത്തിനകത്ത് കയറ്റിയ ശേഷം പൊലീസ് വീണ്ടും മർദിക്കുകയുമായിരുന്നു. 'പോടാ' എന്നു വിളിച്ചു വന്ന സിപിഎം പ്രവർത്തകർ ഫർഹാന്റെ മുതുകിനിട്ട് പല തവണ അടിച്ചു. എന്നാൽ ഇതിനെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായില്ല.സിപിഎം പ്രവർത്തകർക്ക് പൊലീസ് മർദിക്കാൻ അവസരം ഉണ്ടാക്കിക്കാെടുത്തതിനെ കോൺഗ്രസ് പ്രവർത്തകർ വിമർശിച്ചു. കെഎസ്.യു നേതാവിനെ മർദിച്ച സിപിഎം പ്രവർത്തകരെ ഇതുവരെ കസ്റ്റഡിയിലെടുത്തില്ല.. ഭർണശ്ശേരി മേഖലയിലുള്ള സിപിഎം പ്രവർത്തകരാണെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News