'സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചു'; ഇ.വി.എം തട്ടിപ്പാണെന്ന് പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്തത് 12 കേസുകൾ
സോഷ്യൽ മീഡിയ പട്രോളിങ്ങിലാണ് വ്യാജവാർത്തകൾ കണ്ടെത്തിയത്. ഇത് ശക്തമായി തുടരുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തട്ടിപ്പാണെന്ന് വ്യാജ പ്രചാരണം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം, എറണാകുളം സിറ്റി, തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.
സമൂഹത്തിൽ സ്പർധയുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ഇ.വി.എം തട്ടിപ്പാണെന്ന പ്രചാരണമാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ പട്രോളിങ്ങിലാണ് വ്യാജവാർത്തകൾ കണ്ടെത്തിയത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും രൂപീകരിച്ച സോഷ്യൽ മീഡിയ നിരീക്ഷണസംഘങ്ങൾ സോഷ്യൽ മീഡിയയിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.