പ്രതിദിനം 12 ലക്ഷം രൂപയുടെ വരുമാന നഷ്ടം; കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിൽ
ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി.ശരാശരി 1200 ഓളം യാത്രക്കാരുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്
കണ്ണൂർ: ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കണ്ണൂർ വിമാനത്താവളത്തിന് ഇതുവഴി സംഭവിച്ചത്. ദിവസേന 1200 യാത്രക്കാരുടെ കുറവും കണ്ണൂരിൽ നിന്നുണ്ടായി. ഇതിനിടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും കണ്ണൂരിന് തിരിച്ചടിയായി.
രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം എട്ട് സർവ്വീസുകളാണ് കണ്ണൂരിൽ നിന്നും ഗോ ഫസ്റ്റ് എയർലൈൻ നടത്തിയിരുന്നത്.അബുദാബി,കുവൈത്ത്, ദുബായ്,ദമാം,മസ്‌കത്ത്,മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ദിവസേനയുളള സർവീസ്. കണ്ണൂരിൽ നിന്ന് കുവൈറ്റ്,ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഏക വിമാന കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക.
ഇതിലൂടെ കണ്ണൂർ വിമാനത്താവള കമ്പനിക്ക് ഉണ്ടാവുന്നത് കോടികളുടെ നഷ്ടം. പ്രതിദിനം ശരാശരി 13 ലക്ഷം രൂപയോളം വിവിധ വിഭാഗങ്ങളിലായി ഗോ ഫസ്റ്റ് കിയാലിന് നൽകി വന്നിരുന്നു. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി.ശരാശരി 1200 ഓളം യാത്രക്കാരുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്.ഇതോടെ ദൈനം ദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കിയാൽ. പുറമെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളും കുടിശിക അയേക്കും.
എയർ ഇന്ത്യ,ഇൻഡിഗോ,എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിനിടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുളള നിരക്ക് കുത്തനെ വർധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയായി.വിദേശ കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താനുളള അനുമതി ഉടൻ ലഭിച്ചില്ലങ്കിൽ കണ്ണൂർ വിമാനത്താവളം കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.