പാലക്കാട് ഏപ്രില്‍ 20 വരെ നിരോധനാജ്ഞ
24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ.
പാലക്കാട്: പാലക്കാട് ജില്ലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല.
കലക്ടറുടെ കുറിപ്പ്
പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പെടാനുമുളള സാധ്യത മുന്നില്‍ക്കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ എക്‌സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
എഡിജിപി വിജയ് സാഖറെ പാലക്കാടേക്ക്
പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ ക്യാമ്പ് ചെയ്ത സ്ഥിതിഗതികൾ നിയന്ത്രിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാടേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സാഖറെയെ പാലക്കാടേക്ക് അയച്ചത്. ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ ഉച്ചക്ക് തന്നെ പാലക്കാട്ടേക്ക് തിരിച്ചു. കൂടാതെ രണ്ട് കമ്പനി സേനയെ കൂടി ജില്ലയിലെ വിവിധയിടങ്ങളില്‍ വിന്യസിച്ചു. ഉത്തര മേഖല ഐജിയുടെ നേതൃത്വത്തിലാണ് സുരക്ഷ വിപുലീകരിച്ചത്. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഇന്‍റലിന്‍ജന്‍സ് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.
ബിജെപിയുടെയും എസ്ഡിപിഐയുടെയും പ്രധാന നേതാക്കളുടെ പട്ടിക തയ്യാറാക്കി പ്രത്യേക സുരക്ഷ ഒരുക്കും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രകോപന സന്ദേശങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഇത്തരത്തിലുള്ള ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇന്നലെ കൊലപാതകം ഉണ്ടായിട്ടും കാര്യമായ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.