മലപ്പുറത്തെ നിപ മരണം: സമ്പർക്കപ്പട്ടികയിൽ 151 പേർ; അഞ്ച് സാമ്പിളുകൾ കൂടി പരിശോധനക്ക്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് മരണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ചുപേർ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ബെംഗളൂരുവിൽ പഠിക്കുന്ന വണ്ടൂർ നടുവത്ത് സ്വദേശിയായ 24 കാരൻ കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. നിപ വൈറസ് സംശയിച്ചതിനെ തുടർന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സംശയിച്ചിരുന്നു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം കൂടി വന്നതോടെയാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം നിലവിൽ 151 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.
തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി. നാളെ മുതൽ പനി സര്‍വേ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാമൻകുട്ടി പറഞ്ഞു. അതേസമയം ബെംഗളൂരുവിൽ നിന്നാണോ വൈറസ് ബാധ ഉണ്ടായത് എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.