കോഴിക്കോട്ട് സർക്കാർ ഫാമില്‍ പക്ഷിപ്പനി; 1,800 കോഴികള്‍ ചത്തു

അതിവ്യാപനശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണ് കോഴികളില്‍ സ്ഥിരീകരിച്ചത്

Update: 2023-01-11 16:19 GMT
Editor : Shaheer | By : Web Desk
Advertising

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള സർക്കാർ പ്രാദേശിക കോഴി വളർത്തുകേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. 1,800 കോഴികളാണ് പക്ഷിപ്പനി മൂലം ചത്തൊടുങ്ങിയത്. അതിവ്യാപനശേഷിയുള്ള എച്ച് 5 എൻ 1 വകഭേദമാണ് ഇവയില്‍ സ്ഥിരീകരിച്ചത്. കേന്ദ്ര കര്‍മ്മ പദ്ധതി അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി കൈകൊള്ളാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചാത്തമംഗലം പ്രാദേശിക കോഴി വളർത്തുകേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 5000ലേറെ കോഴികളാണ് ഫാമിലുണ്ടായിരുന്നത്. ജനുവരി ആറു മുതലാണ് പാരന്‍റ് സ്റ്റോക്ക് കോഴികളിൽ മരണം റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇതോടെ ചത്ത കോഴികളെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലും കോഴിക്കോട് ക്ലിനിക്കൽ ലാബിലും പരിശോധനയ്ക്ക് അയച്ചു. ഇവയില്‍ ന്യൂമോണിയയുടെ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് അന്നുതന്നെ മരുന്നുകൾ നൽകുകയും ചെയ്തിരുന്നു.

എന്നാൽ, തുടര്‍ന്നും വ്യാപകമായി കോഴികള്‍ ചത്തൊടുങ്ങിയതോടെ കണ്ണൂർ ആർ.ഡി.ഡി.എൽ,  തിരുവല്ല എ.ഡി.ഡി.എൽ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അധിക പരിശോധനകൾ നടത്തി. പ്രാഥമിക ടെസ്റ്റുകളിൽ പക്ഷിപ്പനിയുടെ സംശയം തോന്നിയതിനാൽ കൃത്യമായ രോഗനിർണ്ണയം നടത്തുന്നതിന് സാംപിളുകള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് വിമാനമാർഗം അയയ്ക്കുകയായിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കോഴികള്‍ക്ക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. 

കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എ.ഡി.ജി.പി വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം തുടങ്ങിയവ  മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. തുടർനടപടികൾ ആരോഗ്യം ഉള്‍പ്പെടെയുള്ള ഇതര വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പ്രോട്ടോകോൾ അനുസരിച്ചു ചെയ്യുമെന്നും വാര്‍ത്താകുറിപ്പില്‍ സൂചിപ്പിച്ചു.

Summary: 1,800 chickens died due to bird flu in a local government poultry farm under the Kozhikode district panchayat

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News