കൊല്ലം ബിവറേജസ് ഔട്ട്‌ലെറ്റിൽ ഹോൾസെയിൽ മദ്യവിൽപനയെന്ന് പരാതി; ഓട്ടോറിക്ഷയിൽ കടത്തിയ 20 കുപ്പി വിദേശ മദ്യം പിടികൂടി
വലിയതോതിൽ ഒരാൾക്ക് തന്നെ മദ്യം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിവറേജ് ഔട്ട്ലൈറ്റ് കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കർശനമാക്കി
കൊല്ലം: കൊല്ലത്ത് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നും ഹോൾസെയിലായി മദ്യം കടത്തിയ ഓട്ടോറിക്ഷ പൊലീസ് പിടികൂടി. ഓട്ടോറിക്ഷയിൽ കടത്തിയ 20 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ചിതറ പൊലീസ് ഇത്തരത്തിൽ മദ്യം പിടികൂടുന്നത്.
മടത്തറയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും ഹോൾസെയിൽ ആയി മദ്യം വിൽക്കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യവുമായി ഓട്ടോറിക്ഷ പിടികൂടിയത്. കടയ്ക്കൽ മണലുവെട്ടം സ്വദേശി പ്രദീപ് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപ് ചടയമംഗലം എക്സൈസ് സംഘം ബസിൽ നിന്നും വലിയ അളവിൽ മദ്യം പിടികൂടിയിരുന്നു. ബിവറേജസ് ഔട്ട്ലെറ്റിൽ നിന്നുമാണ് മദ്യം ലഭിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു. കഴിഞ്ഞദിവസം പിടികൂടിയ ഓട്ടോയിൽ പ്രത്യേക അറയുണ്ടാക്കിയിരുന്നു കുപ്പികൾ സൂക്ഷിച്ചിരുന്നത്.
വലിയതോതിൽ ഒരാൾക്ക് തന്നെ മദ്യം വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിവറേജ് ഔട്ട്ലൈറ്റ് കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കർശനമാക്കി. മദ്യവുമായി പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.