കോണ്‍ഗ്രസ് ന്യൂനപക്ഷത്തെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നു: ഷാഹിദ കമാല്‍
അധികാര സ്ഥാനങ്ങളില്‍ നിന്ന് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ഷാഹിദ കമാല്‍.
അധികാര സ്ഥാനങ്ങളില്‍ നിന്ന് ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ ഒഴിവാക്കാന്‍ കോണ്‍ഗ്രസില്‍ രഹസ്യ അജണ്ടയുണ്ടെന്ന് ഷാഹിദ കമാല്‍. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ ഇടപെടലുണ്ടോ എന്നുപോലും സംശയിക്കേണ്ട സ്ഥിതിയാണ്. മുന്നണിയില്‍ മുസ്ലിം ലീഗുണ്ടെന്ന കാരണം പറഞ്ഞ് കോണ്‍ഗ്രസിലെ മുസ്ലിംകളെ തഴയുകയാണ്. തന്നോട് മുഖ്യമന്ത്രി തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സീറ്റ് കിട്ടാത്തതിനാല്‍ അല്ല കോണ്‍ഗ്രസ് വിട്ടതെന്നും ഷാഹിദ കമാല്‍ മീഡിയവണിനോട് പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടങ്ങളില്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചില്ല. ഭര്‍ത്താവ് മരിച്ച് ജീവിതം വഴിമുട്ടിയപ്പോള്‍ ബോര്‍ഡ് മെമ്പര്‍ സ്ഥാനം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീം ലീഗിന് ബോര്‍ഡ് മെമ്പര്‍ സ്ഥാനം നല്‍കുന്നതിന് പുറമേ എങ്ങനെയാണ് കോണ്‍ഗ്രസിലെ മുസ്ലീങ്ങള്‍ക്ക് കൂടി മെമ്പര്‍ സ്ഥാനം നല്‍കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് 16 വയസുള്ള തന്റെ മകന്‍ അന്ന് എം എ ബേബിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പോയന്നും ഷാഹിദ കമാല്‍ പറഞ്ഞു.
കാസര്‍കോട് മത്സരിച്ച ശേഷം താന്‍ വളര്‍ന്ന് പോകുമോ എന്ന് ചില നേതാക്കള്‍ ഭയപ്പെട്ടു. ഇതാണ് പിന്നീട് വളരാന്‍ അനുവദിക്കാതിരുന്നത്. സോളാര്‍ കേസിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. സ്വയം വികസനമായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനം. മുഖം മൂടികള്‍ തുറന്ന് കാട്ടണമെന്ന് തന്നോട് പല കോണ്‍ഗ്രസ് നേതാക്കളും രഹസ്യമായി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് താന്‍ സജീവമാണ്. വരും ദിവസങ്ങളില്‍ അതുകൊണ്ട് തന്നെ ചിലകാര്യങ്ങളും തുറന്ന് പറയുമെന്നും ഷാഹിദ കമാല്‍ മീഡിയവണിനോട് പറഞ്ഞു.