സര്‍ക്കാരിന്റെ മദ്യ ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല; യുഡിഎഫ് പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുകയുമില്ല
വര്‍ഷംതോറും 10% സര്‍ക്കാര്‍ ഔട്ട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന യുഡിഎഫ് മദ്യനയം നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
വര്‍ഷം തോറും 10 ശതമാനം സര്‍ക്കാര്‍ ഔട്ട്‍ലെറ്റുകള്‍ അടച്ചുപൂട്ടുമെന്ന യുഡിഎഫ് മദ്യനയം നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.
നിലവിലെ ഔട്ട്‌ലെറ്റുകളില്‍ ഒന്നുപോലും പൂട്ടില്ല. എന്നാല്‍ നിലവിലെ മദ്യനയപ്രകാരം കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഓരോ വര്‍ഷവും 10 ശതമാനം സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ വീതം പൂട്ടുമെന്ന നിലവിലെ മദ്യനയപ്രകാരം വരുന്ന ഒക്ടോബര്‍ രണ്ടിന് 38 ഔട്ട്‌ലെറ്റുകള്‍ക്ക് കൂടി താഴ് വീഴേണ്ടതാണ്. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ട്.
എല്‍ഡിഎഫ് സര്‍ക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്ന നടപടിയുമായി മുന്നോട്ട് പോകില്ല. യുഡിഎഫ് കൊണ്ടുവന്ന മദ്യനയത്തെ നേരത്തെ മുതല്‍ എതിര്‍ക്കുന്ന ഇടതുമുന്നണി നിലപാടിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനം. യുഡിഎഫിന്റെ മദ്യനയമല്ല തങ്ങള്‍ നടപ്പിലാക്കുകയെന്ന് എക്സൈസ് മന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മദ്യനയം മൂലം ടൂറിസം മേഖലയില്‍ വലിയ ക്ഷീണമുണ്ടായതായി സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ടൂറിസം മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടതില്ലെന്ന തീരുമാനത്തില്‍ ഇടതുമുന്നണിക്കകത്തും അഭിപ്രായവ്യത്യാസമില്ല.
അതേസമയം യുഡിഎഫ് കാലത്ത് പൂട്ടിയ ഔട്‌ലെറ്റുകള്‍ തുറക്കാനും സര്‍ക്കാര്‍ മുതിരില്ല.
ജനാഭിപ്രായം കൂടി സ്വരൂപിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ മദ്യനയം എത്രയും വേഗം പ്രഖ്യാപിക്കാനാണ് നീക്കം. സംസ്ഥാനത്താകെ 268 ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളും 36 കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളുമാണ് പ്രവര്‍ത്തിക്കുന്നത്.