തൃശൂര്‍പൂരം: വെടിപ്പുരയുടെ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്ക്
വെടിപ്പുരയുടെ താക്കോല്‍ തൃശൂര്‍ തഹസീല്‍ദാര്‍ സൂക്ഷിക്കണം...
തൃശ്ശൂര്‍ പൂരം വെടിക്കെട്ട് പുരയുടെ പൂര്‍ണ നിയന്ത്രണം ജില്ലാഭരണകൂടം ഏറ്റെടുത്ത് കലക്ടറുടെ ഉത്തരവിറങ്ങി. വെടിക്കെട്ട് പുരയുടെ താക്കോല്‍ തഹസില്‍ദാര്‍ സൂക്ഷിക്കണം. അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇരു ദേവസ്വങ്ങളും ഉറപ്പ് വരുത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.
അനുവദനീയമായ അളവിലും തൂക്കത്തിലും മാത്രമെ കരിമരുന്ന് ഉപയോഗിക്കുന്നുള്ളു എന്ന് എക്‌സ്‌പ്ലോസീവ് വിഭാഗവും, പോലീസും, റവന്യുവകുപ്പും, ഇരു ദേവസ്വങ്ങളും ചേര്‍ന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. വെടിക്കെട്ട് പുരയില്‍ സൂക്ഷിച്ചിരിക്കുന്ന സാമഗ്രികളുടെ എണ്ണവും തൂക്കവും കൃത്യമായി രജിസ്ട്രറില്‍ രേഖപ്പെടുത്തണം.
വെടിക്കെട്ട് പുര തുറക്കുന്ന സമയം ദേവസ്വം അധികൃതര്‍ തഹസില്‍ദാരെ മുന്‍കൂട്ടി അറിയിക്കണം. ഇവിടെനിന്ന് എടുക്കുന്നതിന്റെ അളവ് അതാത് സമയത്ത് തന്നെ രജിസ്ട്രറില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേ സമയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ അറിയിച്ചു.
രാത്രികാല വെടിക്കെട്ട് നിരോധനത്തില്‍ നിന്ന് തൃശ്ശൂര്‍ പൂരത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനിച്ചു. അതേസമയം പൂരം മുടങ്ങരുതെന്നും അപകട സാഹചര്യം ഒഴിവാക്കി പൂരം നടത്താനുള്ള സൗകര്യമുണ്ടാക്കണമെന്നും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപെട്ടു.