കെ എം മാണിയെ കുടുക്കി രാജി വെപ്പിച്ചു; കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ്
കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ഒറ്റുകാരുടെ കൂടിയാട്ടം എന്ന തലക്കെട്ടിലാണ് ലേഖനം.
കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരെ ഒറ്റുകാരെന്നു വിശേഷിപ്പിച്ച് കേരളാ കോണ്‍ഗ്രസ് എം മുഖപ്രസിദ്ധീകരണമായ പ്രതിഛായ. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയചടങ്ങില്‍ പങ്കെടുത്തതിനെ ഒറ്റുകാരുടെ കൂടിയാട്ടമെന്നാണ് പ്രതിഛായ വിശേഷിപ്പിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശമുന്നയിച്ച മാസികയുടെ നിലപാട് തന്‍റേതല്ലെന്നാണ് കെ എം മാണി പ്രതികരിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഒരു പടികൂടി കടന്നാണ് ഇത്തവണ കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ആക്രമണം. ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ നടപടിയാണ് കെഎം മാണിയെയും കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടിയെയും ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പല ഘട്ടങ്ങളിലായി പാര്‍ട്ടിയുടെ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശമുന്നയിച്ചിരുന്നു. മുഖപ്രസിദ്ധീകരണമായ പ്രതിഛായയുടെ പുതിയ ലക്കത്തിലാണ് ഓരു പടികൂടി കടന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്.
വിവാഹ നിശ്ചയ വേദിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകൂടിയതിനെ ഒറ്റുകാരുടെ കൂടിയാട്ടമെന്നാണ് മാസികയിലെ ലേഖനത്തിന്‍റെ തലക്കെട്ട് വിശേഷിപ്പിച്ചിരിക്കുന്നത്. കപട സൌഹാര്‍ദ്ദം കാണിക്കുന്നവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്‍റെ വേഷമാണ്. ബാര്‍ കോഴാ ആരോപണത്തില്‍ ബിജു രമേശിനെ ഉപജാപക സംഘം പിന്നില്‍ നിന്നു സഹായിച്ചു. 10 കോടി രൂപയുടെ കോഴ ആരോപണം വന്ന കെ ബാബുവിനെക്കാള്‍ മോശക്കാരനാക്കി കെ എം മാണിയെ മന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. മഷികൊണ്ട് മുഖത്തേറ്റ അടിയെന്നാണ് തെരഞ്ഞെടുപ്പില്‍ കെ ബാബുവിന്‍റെ തോല്‍വിയും കെഎം മാണിയുടെ ജയവുമെന്ന് ലേഖനം വിശേഷിപ്പിക്കുന്നു. എന്നാല്‍ പ്രതിഛായയുടെ നിലപാട് തള്ളിയാണ് കെ എം മാണി പ്രതികരിച്ചത്. തന്‍റെയോ പാര്‍ട്ടിയുടെയോ നിലപാടല്ല ലേഖനമെന്ന് അദ്ദേഹം പറഞ്ഞു.
ലേഖനത്തെ കെഎം മാണി തള്ളിയെങ്കിലും ലേഖനത്തിനലെ ഉള്ളടക്കം തന്നെയാണ് കെ എം മാണിയും നേതാക്കളും പലപ്പോഴായി ഉന്നയിച്ചിട്ടുള്ളത്. ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ വിള്ളലിന്‍റെ ആഴം വരും ദിവസങ്ങളില്‍ വ്യക്തമാകും.