ഏറ്റുമുട്ടല്‍ വാദം തള്ളി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളാണ് ഏറ്റത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഏഴു വെടിയുണ്ടകളേറ്റതായാണ് റിപ്പോര്‍ട്ട്.
നിലമ്പൂരില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളാണ് ഏറ്റത്. കുപ്പു ദേവരാജിന്റെ ശരീരത്തില്‍ ഏഴു വെടിയുണ്ടകളേറ്റതായാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലാണുണ്ടായതെന്ന പൊലീസിന്റെ വാദം തള്ളുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കുപ്പു ദേവരാജിന്റെ ശരീരം തുളച്ച് മൂന്ന് വെടിയുണ്ടകള്‍ പുറത്തേക്കു പോയി. നാല് വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്നും കണ്ടെത്തി. ഇയാളുടെ ഇരു കാലുകളുടേയും മുട്ടിനു താഴെ തകര്‍ന്ന നിലയിലാണ്. വൃഷണവും തകര്‍ന്നിട്ടുണ്ട്.
അജിതയുടെ ശരീരത്തില്‍ 19 വെടിയുണ്ടകളേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില് 13 എണ്ണം ശരീരം തുളച്ച് പുറത്തു പോയി. നെഞ്ചിന്റെ ഭാഗത്താണ് കൂടുതല്‍ മുറിവുകള്‍. ആന്തരികാവയവങ്ങള്‍ ചിതറിയ നിലയിലാണ്. നട്ടെല്ലും പലയിടങ്ങളിലായി തകര്‍ന്നു. പിന്‍ഭാഗത്താണ് കൂടുതലും വെടിയേറ്റിരിക്കുന്നത്. വെടിയുണ്ടകള്‍ കണ്ടെത്താന്‍ സി ടി സ്കാനിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു.
തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്ന തോക്കുകളാണ് ഇവരെ വകവരുത്താന്‍ ഉപയോഗിച്ചതെന്ന സൂചനയാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്നത്. വെടിയുണ്ടകള്‍ ശരീരം തുളച്ച് പുറത്ത് കടന്നത് സമീപത്തു നിന്നും വെടിയുതിര്‍ത്തതിനാലാകാമെന്നാണ് നിഗമനം. ഇരുവര്‍ക്കും വെടിയേക്കുന്നതിന്റെ മുമ്പ് മര്‍ദ്ദനമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്‍പത് മണിക്കൂറെടുത്താണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.