ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കേണ്ടെന്ന് സിന്‍ഡിക്കേറ്റ്
ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കണമെന്ന യുഡിഎഫ് പ്രമേയം സിന്‍ഡിക്കേറ്റ് വോട്ടിനിട്ട് തള്ളി
ലോ അക്കാദമിയുടെ അംഗീകാരം റദ്ദാക്കേണ്ടെന്ന് കേരളാ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അക്കാദമിയുടെ അനുമതി റദ്ദാക്കണമെന്ന് യുഡിഎഫും സിപിഐയും നിലപാടെടുത്തു. അംഗീകാരം റദ്ദാക്കേണ്ടന്ന് സിപിഎം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വാദിച്ചു. ഇതേതുടര്‍ന്ന് വോട്ടിനിട്ടാണ് തീരുമാനം പാസ്സാക്കിയത്. സിന്‍ഡിക്കേറ്റ് യോഗ സ്ഥലത്തേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സിപിഎം - കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിലാണ് സിന്‍ഡിക്കേറ്റ് യോഗം നടന്നത്. കോളജിന്റെ അംഗീകാരം റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് ആദ്യം ഉന്നയിച്ചു. പിന്നീട് സിപിഐയുടെ ആര്‍ ലതാദേവിയും സമാന ആവശ്യം ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസും സിപിഐയും വെവ്വേറെ പ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് വോട്ടിങ്ങിലേക്ക് കടന്നു. കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളും മുസ്ലീംലീഗ് പ്രതിനിധിയും സിപിഐയുടെ ലതാദേവിയും കോളേജിന്റെ അംഗീകാരം റദ്ദാക്കാന്‍ വേണ്ടി വോട്ട് ചെയ്തു. എട്ട് സിപിഎം അംഗങ്ങളും അവര്‍ക്കൊപ്പം നാല് സര്‍ക്കാര്‍ പ്രതിനിധികളും അംഗീകാരം റദ്ദാക്കേണ്ടെന്ന നിലപാടിലായിരുന്നു.
ലക്ഷ്മി നായരുടെ ബിരുദം വ്യാജമാണന്ന പരാതി യുഡിഎഫ് അംഗങ്ങള്‍ ഉയര്‍ത്തി. ഇത് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷ സമിതിക്കാണ് ഉത്തരവാദിത്വം. ലോ അക്കാദമിയിലെ മാര്‍ക്ക് ദാനം സംബന്ധിച്ച കാര്യങ്ങളില്‍ തുടരന്വേഷണം നടത്തണമെന്ന പരീക്ഷാ സമിതി റിപ്പോര്‍ട്ടും സിന്‍ഡിക്കേറ്റ് അംഗീകരിച്ചിട്ടുണ്ട്.
തുടക്കത്തില്‍ സമാധാനപരമായിരുന്ന മാര്‍ച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലക്ക് ഉള്ളിലേക്ക് കയറാന്‍ തുടങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സിന്‍ഡിക്കേറ്റ് യോഗം അവസാനിച്ച് അംഗങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലക്ക് ഉള്ളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.