വിവാദ നിയമനം: ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങി

Update: 2017-06-22 02:15 GMT
വിവാദ നിയമനം: ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങി
Advertising

ഇ പി ജയരാജന്‍ വ്യവസായ മന്ത്രി ആയതിന് ശേഷമുള്ള 17 പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളാണ് ആവശ്യപ്പെട്ടത്

Full View

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള വിവാദ നിയമനങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അന്വേഷണം തുടങ്ങി. വ്യവസായ വകുപ്പിന് കീഴില്‍ നടന്ന മുഴുവന്‍ നിയമനങ്ങളുടേയും ഫയലുകള്‍ കൈമാറാനാണ് വകുപ്പ് സെക്രട്ടറി പോള്‍ ആന്റണിയോട് ആവിശ്യപ്പെട്ടിരിക്കുന്നത്. 17 പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രധാന നിയമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ റിയാബിന് ചീഫ്സെക്രട്ടറിക്ക് പുറമേ വിജിലന്‍സും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിവാദ നിയമനങ്ങളെക്കുറിച്ച് ഉയര്‍ന്ന് വന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി അന്വേഷണം തുടങ്ങിയത്. ഏറ്റവും അധികം വിമര്‍ശനം കേട്ട വ്യവസായ വകുപ്പിലെ നിയമനങ്ങളാണ് ആദ്യം പരിശോധിക്കുക. വകുപ്പിന് കീഴിലുള്ള 43 പൊതുമേഖലാ സ്ഥാപനങ്ങളിലേയും പ്രധാന പദവിയില്‍ ഇരിക്കുന്നവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാനാണ് വ്യവസായ വകുപ്പിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇ പി ജയരാജന്‍ വ്യവസായ വകുപ്പ് മന്ത്രിയായശേഷം നിയമിച്ച 17 എംഡി, ജിഎം നിയമനങ്ങള്‍ സംബന്ധിച്ച ഫയലുകള്‍ കൈമാറാന്‍ റിയാബിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വ്യവസായ വകുപ്പിലെ പരിശോധനകള്‍ക്ക് ശേഷം മറ്റ് വകുപ്പിലെ വിവാദ നിയമനങ്ങളും ചീഫ് സെക്രട്ടറി പരിശോധിക്കും. ഇ പി ജയരാജനെതിരെയുള്ള ത്വരിത പരിശോധനയുടെ ഭാഗമായി വിജിലന്‍സിന്റെ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. റിയാബിനോട് 17 പൊതുമേഖലാ സ്ഥാപനങ്ങളുടേയും പ്രധാന നിയമനങ്ങളുടെ ആദ്യം മുതല്‍ അവസാന വരെയുള്ള നടപടി ക്രമങ്ങള്‍ അടങ്ങിയ ഫയല്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News