ജമ്മുവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ മലയാളിയും
തിരുവനന്തപുരം പാലോട് സ്നേഹശ്രീയില്‍ ജയചന്ദ്രന്‍ ആണ് മരിച്ചത്
ജമ്മു കശ്മീരിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. തിരുവനന്തപുരം പാലോട് സ്വദേശി ജയചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്ന് രാത്രി തന്നെ നാട്ടിലെത്തിക്കും.
ഇന്നലെ വൈകുന്നേരമാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ പാലോട് കള്ളിപ്പാറ സ്നേഹശ്രീയില്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടത്. രാത്രി തന്നെ മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചു. സിആര്‍പിഎഫ് 161ആം ബറ്റാലിയനില്‍ ഇന്‍സ്പെക്ടറായിരുന്നു ജയചന്ദ്രന്‍. സൈനിക പരിശീലനത്തിന് ശേഷം മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. വര്‍ക്കലയാണ് സ്വദേശമെങ്കിലും പാലോട് കള്ളിപ്പാറയിലാണ് ദീര്‍ഘനാളായി ജയചന്ദ്രനും കുടുംബവും താമസിക്കുന്നത്. രണ്ട് മാസത്തെ ലീവിന് ശേഷം ഈ മാസം പത്തിനാണ് ജയചന്ദ്രന്‍ തിരിച്ചുപോയത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കി ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുത്തായിരുന്നു ജയചന്ദ്രന്റെ മടക്കം.
1983ലാണ് ജയചന്ദ്രന്‍ സൈനിക ജീവിതം ആരംഭിക്കുന്നത്. മൂന്ന് വര്‍ഷം മുന്പ് ഛത്തീസ്ഗഡില്‍ നിന്ന് ശ്രീനഗറിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ സിന്ധു. വിതുര ഹോള്‍സെയിന്‍സ് സ്കൂള്‍ വിദ്യാര്‍ഥിനികളായ സ്നേഹയും ശ്രുതിയുമാണ് മക്കള്‍.