ആറ് തൊഴില്‍ മേഖലകളില്‍ കൂടി മിനിമം കൂലി ഉറപ്പാക്കി
തോട്ടം തൊഴിലാളികള്‍ക്ക് വീട് ഉറപ്പാക്കും; യൂണിയന്‍ രജിസ്ട്രേഷന്‍ 40 ദിവസത്തിനുള്ളില്‍
സംസ്ഥാനത്ത് കുറഞ്ഞ വേതനം ഉറപ്പാക്കുന്ന തൊഴില്‍ മേഖലകള്‍ വിപുലീകരിക്കും. 6 പുതിയ തൊഴില്‍ മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം തയ്യാറായതായി തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചെരുപ്പ് നിര്‍മാണം, സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകം, ഫോട്ടോഗ്രഫി-വീഡിയോഗ്രഫി, പേപ്പര്‍ നിര്‍മാണം, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, കേബിള്‍ ടി വി വിതരണം എന്നീ മേഖലകളാണ് കുറഞ്ഞ വേതനം ഉറപ്പാക്കാന്‍ കരട് വിജ്ഞാപനത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയത്. ഈ പട്ടിക വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു. മെച്ചപ്പെട്ട തൊഴില്‍ ബന്ധമുണ്ടാക്കാന്‍ വ്യവസായ ബന്ധ സമിതി പുനഃസ്ഥാപിക്കും. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് ഉറപ്പാക്കും.
തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച് പാക്കേജ് തുടരുമ്പോഴും ജോലി ഭാരത്തിന്റെ കാര്യത്തിലെ അഭിപ്രായ ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കും.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കും. ഇവരുടെ താമസത്തിന് അപ്നാ ഘര്‍ പദ്ധതി വിപുലപ്പെടുത്തും. ട്രേഡ് യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ 40 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.