ദീപാവലി ദിനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന് അപ്രഖ്യാപിത അവധി
ആലപ്പുഴ മെഡിക്കൽ കേളേജിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഇങ്ങനെ ഓപ്പറേഷൻ തീയേറ്ററുകൾക്ക് മാത്രമായി അവധി നൽകിയിട്ടില്ല
ദീപാവലി ദിനത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന് അപ്രഖ്യാപിത അവധി. മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയാതെയാണ് നടപടി. അനസ്തേഷ്യാ വിഭാഗം ഏകപക്ഷീയമായെടുത്ത തീരുമാനം കാരണം നാളെ നിരവധി ശസ്ത്രക്രിയകൾ മുടങ്ങും.
ആലപ്പുഴ മെഡിക്കൽ കേളേജിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ ഇങ്ങനെ ഓപ്പറേഷൻ തീയേറ്ററുകൾക്ക് മാത്രമായി അവധി നൽകിയിട്ടില്ല. ഇങ്ങനെയൊരവധി സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാൽ തിയേറ്റർ മാനേജ്മെന്റ് കമ്മിറ്റിക്ക് ഇങ്ങനെ തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നാണ് അനസ്തേഷ്യാ വിഭാഗത്തിന്റെ വിശദീകരണം. ഇക്കാര്യം വർഷത്തിന്റെ ആദ്യം തന്നെ തീരുമാനിച്ചതാണെന്നും പറയുന്നു. ഓണം പോലുള്ള ഉത്സവത്തിന് പോലും അടിയന്തിര ശസ്ത്രക്രിയക്ക് തിയേറ്റർ പ്രവർത്തിക്കും. തിയേറ്റർ ഒന്നടങ്കം അടച്ചിടുന്നത് ഇതാദ്യമാണ്. ഇത് കാരണം നിരവധി ശസ്ത്രക്രിയകളാണ് മുടങ്ങുന്നത്. രണ്ട് വർഷം കഴിഞ്ഞ് ശസ്ത്രക്രിയക്ക് സമയം നൽകിയ രോഗികൾ വരെ ഇവിടെയുണ്ട് അപ്പോഴാണ് ആശുപത്രിയിലെ ഒരു വിഭാഗത്തിന്റെ ഏകപക്ഷീയ അവധി പ്രഖ്യാപനം. ഇതിനെതിരെ ഡോക്ടർമാരിൽ ഒരു വിഭാഗത്തിന്റെ എതിർപ്പ് രൂക്ഷമാണ്.