വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ കോടിയേരിയുടെ നിര്‍ദേശം
നേരത്തെ ഇ പി ജയരാജന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യവസായ മന്ത്രി ഇ പി ജയരാജനോട് ആവശ്യപ്പെട്ടു. നിയമനങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ നിര്‍ദേശം. നേരത്തെ ഇ പി ജയരാജന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിവാദമായ ബന്ധുനിയമനങ്ങളില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ഉചിതമായ തീരുമാനമെടുക്കുമെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ഇ പി ജയരാജന്‍ തന്റെ ഭാഗം വിശദീകരിച്ചു. പുതിയ സര്‍ക്കാര്‍ വന്ന ശേഷമുള്ള വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടെയും വിശദവിവരങ്ങള്‍ നല്‍കാനാണ് കോടിയേരി ആവശ്യപ്പെട്ടത്. പതിനാലാം തീയതി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും.
മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയോട് നിയമന വിവരങ്ങള്‍ കോടിയേരി ആവശ്യപ്പെട്ടതെന്നാണ് സൂചന. ബന്ധുനിയമന വിവാദത്തില്‍ പാര്‍ട്ടിയില്‍ പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ് ഇ പി ജയരാജന്‍. നേരത്തെ പലപ്പോഴും ഇ പിക്ക് പിന്തുണ നല്‍കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ വിവാദത്തിന്റെ തുടക്കത്തില്‍ തന്നെ കയ്യൊഴിഞ്ഞു. നാല് മാസം മാത്രം പ്രായമായ തന്റെ സര്‍ക്കാരിന്റെ പ്രതിഛായയെ തകര്‍ക്കുന്ന മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ പിണറായി അതൃപ്തനാണ്. വി എസ് അച്യുതാനന്ദന് പുറമെ മുതിര്‍ന്ന പാലൊളി മുഹമ്മദ് കുട്ടി, എം എം ലോറന്‍സ് തുടങ്ങിയവരും അതൃപ്തി പരസ്യമാക്കിയപ്പോള്‍ സംസ്ഥാന ഘടകത്തിലെ ഒരാള്‍ പോലും ഇ പി യെ പിന്തുണയുമായെത്തിയില്ലെന്നതും ശ്രദ്ധേയമാണ്.